ലുലുമാൾ പാർക്കിംഗ് ഫീസിനെതിരെയുള്ള ഹർജി തള്ളി

Posted on: September 2, 2016

Lulu-Mall-Parking-Big

കൊച്ചി : ഇടപ്പള്ളി ലുലുമാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശി രമാ ജോർജ്ജ് സമർപ്പിച്ച ഹർജി കോട്ടയം ജില്ലാ കൺസ്യൂമർ റിഡ്രസ്സൽ ഫോറം തള്ളി. ഹർജിക്കാരിയെ ഒരു കൺസ്യൂമർ ആയി കാണാനാവില്ലെന്നും ഹർജി ഒരു കൺസ്യൂമർ കംപ്ലെയിന്റ് അല്ല എന്നും പൊതു കൺസ്യൂമർ കോടതി കണ്ടെത്തി. ഹർജിക്കാരിയുടെ പരാതി ഒരു കാരണവശാലും നിലനിൽക്കാത്തതിനാൽ ഹർജി തള്ളുകയായിരുന്നു.

പരാതിക്കാരി ആദ്യം എറണാകുളം ജില്ലാ കൺസ്യൂമർ ഫോറത്തിലാണ് പരാതി നൽകിയത്. പരാതിയിൽ പാർക്ക് ചെയ്തു എന്ന് പറയുന്ന കാറിന്റെ നമ്പർ ആദ്യം എഴുതിയിരുന്നില്ല. തുടർന്ന് എറണാകുളം കൺസ്യൂമർ ഫോറത്തിലെ ഒരു മെമ്പറുടെ കാറിന്റെ നമ്പറാണ് പരാതിയിൽ എഴുതിച്ചേർത്തത്. ഹർജിക്കാരിയുടെ പരാതിയിൽ കൺസ്യൂമർ ഫോറം ഇടക്കാല ഉത്തരവ് നൽകിയിരുന്നു. തുടർന്ന് മാൾ അധികൃതർ ഹൈക്കോടതിയിൽ ഉത്തരവ് ചോദ്യം ചെയ്യുകയും തുടർന്ന് കൺസ്യൂമർ ഫോറത്തിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. കൺസ്യൂമർ കോടതി മെമ്പറുടെ കാറിന്റെ നമ്പർ ജനലിലൂടെ നോക്കി എഴുതിയപ്പോൾ തെറ്റിപ്പോയതാണെന്നാണ് ഹർജിക്കാരി ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.

ഒരാൾക്കും മറ്റൊരാളുടെ വസ്തുവിൽ യാതൊരുവിധ മൗലീകവകാശവും അവകാശപ്പെടാനാവില്ല എന്ന് കോട്ടയം കൺസ്യൂമർ കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ളത്. പാർക്കിംഗ് സൗജന്യമായി നൽകണമെന്ന് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരി അവകാശപ്പെട്ടതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടില്ല എന്നും വിധിന്യായത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മാളിൽ സജ്ജമാക്കിയിട്ടുള്ള സെക്യൂരിറ്റി സംവിധാനങ്ങളെക്കുറിച്ചും ഉത്തരവിൽ പരാമർശമുണ്ട്. ഹർജിക്കാരി നിരത്തിയ എല്ലാ അവകാശവാദങ്ങളും പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടും, ഹർജി പ്രാഥമികമായി തന്നെ നിലനിൽക്കില്ലെന്ന് കണ്ടുമാണ് ഹർജി തള്ളിയത്.

TAGS: Lulu Mall |