ഇന്ത്യൻ ഓയിലിന് ജസിദിയിൽ പുതിയ ബൾക്ക് ടെർമിനൽ

Posted on: August 27, 2014

IOC-Jasidih-Terminal-big

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ജസിദിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് പുതിയ പെട്രോളിയം ബൾക്ക് സ്റ്റോറേജ് ടെർമിനൽ. ടെർമിനൽ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമർപ്പിച്ചു. പുതിയ സംഭരണിയിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം ഈ മേഖലയുടെ വ്യവസായ വികസനത്തിന് ആക്കം കൂടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജാർഖണ്ഡ് മേഖലയിലെ ഉരുക്ക്, ബോക്‌സൈറ്റ്, മൈക്ക, കൽക്കരിഖനി വ്യവസായങ്ങളുടെ വളർച്ചയ്ക്കും ഈ സംഭരണി സഹായകമാകുമെന്ന് സഹമന്ത്രി ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.

ഹാൽസിയ – ബറൗണി പൈപ്പ്‌ലൈൻ വഴിയാണ് ജസീദി ടെർമിനലിലേക്ക് പെട്രോളിയം ഉത്പന്നങ്ങൾ എത്തുക. 31,600 കിലോ ലിറ്ററാണ് സംഭരണശേഷി. ബൊക്കാറോ, ധൻബാദ്, ഗിരിദി, ദിയോഘർ, ജാംതാര, ഗോദ, ദുംക, പക്കുർ, സാഹിബ് ഗഞ്ച് എന്നീ വിപണികളിലേയ്ക്കാണ് ഇവിടെ നിന്നും പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ എത്തുന്നത്. ജസിദിയിൽ 26 ഏക്കർ ഭൂമിയിൽ 109 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്. പ്രതിദിനം 160-180 ട്രക്കുകൾ നിറയ്ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.