ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദ്വിദിന ദേശീയ സമ്മേളനം ആരംഭിച്ചു

Posted on: June 10, 2016

ICAI-National-meeting-Inaug

കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) ന്യൂഡൽഹിയുടെ പരോക്ഷ നികുതി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഐ എം എ ഹാളിൽ സംഘടിപ്പിച്ച ദ്വിദിന പരോക്ഷ നികുതി ദേശീയ സമ്മേളനം കസ്റ്റംസ് കമ്മീഷണർ ഡോ. കെ എൻ രാഘവൻ ഉദ്ഘാടനം ചെയ്തു.

സൗഹൃദപരമായ രീതിയിൽ നികുതി സമാഹരിക്കുന്ന നടപടികൾ ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നികുതി സമാഹരണത്തിൽ ഐ സി എ ഐ യുടെയും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും സേവനത്തെ ഡോ. കെ എൻ രാഘവൻ അഭിനന്ദിച്ചു.

ഐ സി എ ഐ ന്യൂഡൽഹിയുടെ പരോക്ഷ നികുതി കമ്മിറ്റി ചെയർമാൻ മധുകർ എൻ ഹിറഗംഗെ അധ്യക്ഷത വഹിച്ചു. ഐ സി എ ഐ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ബാബു എബ്രഹാം കള്ളിവയലിൽ പ്രതിനിധികളെ അഭിസംബോധന ചെയ്തു. പരിഷ്‌കരിക്കുന്ന സി എ പാഠ്യപദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

2015 സിവിൽ സർവീസ് പരീക്ഷയിൽ 181 ാം റാങ്ക് നേടിയ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് ആർ. വിശ്വനാഥിനെ സമ്മേളനത്തിൽ ആദരിച്ചു. ദക്ഷിണേന്ത്യൻ കൗൺസിൽ സെക്രട്ടറി ജോമോൻ കെ ജോർജ്, ഐ സി എ ഐ എറണാകുളം ശാഖ ചെയർമാൻ ടി എൻ സുരേഷ്, എറണാകുളം ശാഖ സെക്രട്ടറി പി ടി ജോയി എന്നിവർ പ്രസംഗിച്ചു.

കോൺഫറൻസിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ബിമൽ ജയിൻ (ന്യൂദൽഹി), മധുകർ എൻ ഹിറഗംഗെ (ബംഗലുരു) എന്നിവർ പരോക്ഷ നികുതി സംബന്ധിച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 ത്തോളം ചാർട്ടേഡ് അക്കൗണ്ടന്റുമാർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം അശോക് ബാത്ര (ന്യൂദൽഹി), അഡ്വ. കെ വൈത്തീശ്വരൻ (ചെന്നൈ) എന്നിവർ പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.