ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കെന്ന് എം എ യൂസഫലി

Posted on: June 5, 2016
ഇന്ത്യ - ഖത്തർ ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഖത്തർ സ്റ്റേറ്റ് ഇക്‌ണോമിക് - കൊമേഴ്‌സ് മന്ത്രി ശൈഖ്  അഹമ്മദ് ബിൻ ജാസിം അൽതാനി, ഖത്തർ എയർവേസ് ചെയർമാൻ അക്ബർ അലി അൽ ബേക്കർ, യൂസഫ് ജാസിം അൽ ദാർവിഷ്, ദോഹ ബാങ്ക് ചെയർമാൻ ശൈഖ് ഫഹദ് ബിൻ മുഹമ്മദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി തുടങ്ങിയവർ.

ഇന്ത്യ – ഖത്തർ ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഖത്തർ സ്റ്റേറ്റ് ഇക്‌ണോമിക് – കൊമേഴ്‌സ് മന്ത്രി ശൈഖ് അഹമ്മദ് ബിൻ ജാസിം അൽതാനി, ഖത്തർ എയർവേസ് ചെയർമാൻ അക്ബർ അലി അൽ ബേക്കർ, യൂസഫ് ജാസിം അൽ ദാർവിഷ്, ദോഹ ബാങ്ക് ചെയർമാൻ ശൈഖ് ഫഹദ് ബിൻ മുഹമ്മദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി തുടങ്ങിയവർ.

ദോഹ : നിക്ഷേപ അന്തരീക്ഷം മാറിയത് തിരിച്ചറിഞ്ഞ് ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം എ യൂസഫലി. ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയുടെ സാമ്പത്തിക മേഖല ശക്തമാണ്. ശക്തമായ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനം പുതിയ സാധ്യതകൾക്കുള്ള തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

ലോകത്തിലെ പല വൻകിട പദ്ധതികളും ഖത്തറിന്റെ ഉടമസ്ഥതയിലാണ്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യ സന്ദർശിച്ചപ്പോൾ തന്നെ ഖത്തറിൽ നിന്നുള്ള നിക്ഷേപത്തിന്റെ വാതിൽ തുറക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തോടെ നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എ യൂസഫലി ചൂണ്ടിക്കാട്ടി.

ഭാവി തലമുറയ്ക്ക് ജോലി നൽകാൻ നമ്മുടെ രാജ്യത്ത് വ്യവസായവും വിദേശനിക്ഷേപവും ആവശ്യമാണ്. സർക്കാരും സ്വകാര്യസംരംഭകരും പരസ്പര വിശ്വാസത്തോടെ പ്രവർത്തിച്ചാൽ എളുപ്പം മാറ്റമുണ്ടാക്കാനാകും. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതിൽ പകുതിയോളം മലയാളികളുമാണ്. ഇന്ത്യക്കാരുടെ എല്ലാ നല്ല കാര്യങ്ങൾക്കും ഖത്തർ ഭരണകൂടം എന്നും ഒന്നിച്ച് നിന്നിട്ടുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫും അദേഹത്തോടൊപ്പമുണ്ടായിരുന്നു.