ഇൻകെലിന്റെ ലാഭത്തിൽ 25 ശതമാനം വർധന

Posted on: May 9, 2016

T-Balakrishnan-Big

 

കൊച്ചി : ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ് (ഇൻകെൽ) കഴിഞ്ഞ ധനകാര്യ വർഷം ലാഭത്തിൽ 25 ശതമാനം വർധന കൈവരിച്ചു. 2014-15 ൽ 15.8 കോടിയായിരുന്ന കമ്പനിയുടെ ലാഭം ഇക്കഴിഞ്ഞ ധനകാര്യ വർഷത്തിൽ 19.67 കോടി രൂപയായി.

അങ്കമാലിയിലെ ബിസിനസ് പാർക്കിൽ ഇൻകെൽ നിർമ്മിച്ച രണ്ടാമത്തെ കെട്ടിട സമുച്ചയമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ഇൻകെൽ എംഡി ടി. ബാലകൃഷ്ണൻ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാതലായ റോഡ്, പാലം നിർമ്മാണം എന്നിവയിലേക്കും ഇൻകെൽ കടന്നത് ഈ നേട്ടത്തിൽ നിർണായകമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോയ സാമ്പത്തിക വർഷം ഇൻകെലിന്റെ ആകെ വരുമാനം 39.99 കോടി രൂപയാണ്.

ഇൻകെലിന്റെ കെട്ടിടസമുച്ചയം ധാരാളം വ്യവസായികളെ ആകർഷിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുളള ഒന്നാമത്തെ കെട്ടിട സമുച്ചയമായ ടവർ ഒന്നിന് പൂർണമായും പാട്ടക്കരാർ ആയിക്കഴിഞ്ഞു. അത്രയും തന്നെ വലിപ്പമുളള ടവർ രണ്ട് പണി പൂർത്തിയാകുന്നതിനു മുമ്പുതന്നെ 70,000 ചതുരശ്ര അടിയ്ക്ക് കരാറായി. മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടവർ മൂന്ന്, നാല് എന്നിവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുളള ടവർ അഞ്ച്, ആറ് എന്നിവയ്‌ക്കൊപ്പം ഇവ 2017-18 വർഷത്തിൽ കമ്മീഷൻ ചെയ്യുമെന്നും ടി. ബാലകൃഷ്ണൻ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ, സൗരോർജ എൻജിനീയറിംഗ്, കൺസൾട്ടൻസി, ആധുനിക കൃഷി ഫാം, സൗകര്യ മേൽനോട്ടം എന്നിവയിലേക്കും ഇൻകെൽ ഇറങ്ങിച്ചെന്നു കഴിഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പിറവത്തെ കൃഷിയിടം വിജയകരമായി പ്രവർത്തിക്കുകയാണ്. പാലക്കാട്ടെ രണ്ടാമത്തെ ഫാമിന്റെ പണി പൂർത്തിയായി വരുന്നു. മലപ്പുറത്തെ ഇൻെകൽ ഗ്രീൻസിൽ 21 വ്യവസായ സംരംഭങ്ങളും ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പൂർത്തീകരിച്ചതും അല്ലാത്തവയുമായി 600 കോടി രൂപയുടെ പദ്ധതികളാണ് ഈ വർഷം ഇൻകെൽ വിഭാവനം ചെയ്യുന്നത്. റോഡ്, പാലം തുടങ്ങിയ പുതിയ മേഖലകളിലേക്ക് ഇൻകെൽ കടക്കുന്നതോടെ നടപ്പ് ധനകാര്യ വർഷത്തിൽ വരുമാനം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി. ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.