ഫാ. അഗസ്റ്റിന് ബാഷ്പാഞ്ജലി

Posted on: April 7, 2016

Fr.-Augustine-Vairamon-Big

പെരുമ്പാവൂർ : പെരിയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മുങ്ങിമരിച്ച പെരുമ്പാവൂർ സെന്റ് ജോർജ് കത്തോലിക്ക പള്ളി വികാരി ഫാ. അഗസ്റ്റിൻ വൈരമൺ പുരയിടത്തിലിന് പെരുമ്പാവൂർ കണ്ണീരോടെ വിട നൽകി. ഫാ. അഗസ്റ്റിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മൂന്നാർ മൗണ്ട് കാർമൽ പള്ളിയിൽ നടക്കും. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റിയൻ തെക്കേത്തെച്ചേരിൽ മുഖ്യകാർമ്മികത്വം വഹിക്കും.

മുടിക്കൽ തോട്ടുവ കടവിന് സമീപം പെരിയാറിൽ കുളിക്കാനിറങ്ങിയ കൂവപ്പടി കൂടാലപ്പാട് മദ്രാസ് കവലയിൽ മഞ്ഞളി പരേതനായ ജോയിയുടെ മകൻ ജോയൽ (13) നെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പുഴയിൽ ഇറങ്ങി ഫാ. അഗസ്റ്റിനും മുങ്ങിപ്പോയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്നു നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെടുത്തത്. സൺഡേ സ്‌കൂളിൽ നടത്തിയ വിശ്വാസോത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ച 7,8 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ ഉല്ലാസയാത്രയിലാണ് ദുരന്തം. കുട്ടികളും അധ്യാപകരും ഉൾപ്പടെ 28 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

കരയോട് ചേർന്ന് ജോയൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അടിയൊഴുക്കിൽ മുങ്ങിപ്പോവുകയായിരുന്നു. ജോയലിനെ രക്ഷിക്കാൻ മറ്റൊരു സഹപാഠി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുങ്ങിത്താഴുന്ന ജോയലിനെ രക്ഷിക്കാൻ ഫാ. അഗസ്റ്റിനും പുഴയിൽ ഇറങ്ങുകയായിരുന്നു. രക്ഷാപ്രവർത്തകർ പുഴയിൽ നിന്നും വീണ്ടെടുത്ത ജോയൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്.

ആറ് മാസം മുമ്പാണ് സെന്റ് ജോർജ് കത്തോലിക്ക പള്ളി വികാരിയായി അദേഹം ചുമതലയേറ്റത്. മതപരവും സാമൂഹ്യപരവുമായ കാര്യങ്ങളിൽ യുവത്വത്തിന്റെ ചുറുചുറുക്കോടെ ഇടപെട്ടിരുന്ന ഫാ. അഗസ്റ്റിൻ പ്രവർത്തിച്ച മേഖലകളിലെല്ലാം സ്‌നേഹസാന്നിധ്യമായിരുന്നു. ഫാ. അഗസ്റ്റിന്റെ മൃതദേഹം പെരുമ്പാവൂർ സെന്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിന് വച്ച ശേഷം ഇന്നു രാവിലെ മൂന്നാറിലേക്ക് കൊണ്ടു പോയി.

ഫാ. അഗസ്റ്റിൻ ഇടുക്കി വണ്ടിപ്പെരിയാർ മ്ലാമല വൈരമൺ പുരയിടത്തിൽ സ്റ്റീഫന്റെയും ഓമനയുടെയും പുത്രനാണ്. സഹോദരങ്ങൾ : വിജി, റെജി (ഇരുവരും ബംഗലുരു). 2006 ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. അഗസ്റ്റിൻ വിജയപുരം രൂപത മാധ്യമ കമ്മീഷൻ ഡയറക്ടർ, സോഷ്യൽ സർവീസ് സൊസൈറ്റി മൂന്നാർ റീജണൽ ഡയറക്ടർ, മൂന്നാർ മൗണ്ട് കാർമൽ പള്ളി, പള്ളിവാസൽ സെന്റ് ആൻസ് പള്ളി വികാരി, തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.