യുദ്ധകളമായി സാവെന്റം വിമാനത്താവളം

Posted on: March 22, 2016

Brussels-Airport-Victims-Bi

ബ്രസൽസ് : ചാവേർ ആക്രമണത്തിനിരയായ ബ്രസൽസിലെ സാവെന്റം വിമാനത്താവളം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. അമേരിക്കൻ എയർലൈൻസിന്റെ ചെക്കിൻ കൗണ്ടറിന് സമീപം ചിതറി വീണ മൃതദേഹങ്ങൾ, പരിക്കേറ്റവരുടെ നിലവിളികൾ, സുരക്ഷാസേന പോലും ഒരു നിമിഷം അമ്പരന്നുപോയി. സംഭവിച്ചത് എന്തെന്നറിയാതെ പകച്ചുപോയ യാത്രക്കാർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ സ്‌ഫോടനങ്ങൾക്കു പിന്നാലെ മാൽബീക്ക് മെട്രോ സ്‌റ്റേഷനിലും വൻ സ്‌ഫോടനമുണ്ടായി.

ചാവേർ ആക്രമണമാണെന്നു തിരിച്ചറിഞ്ഞ നിമിഷം ബൽജിയം എമർജൻസി സർവീസ് വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ പൂർണമായും ഒഴിപ്പിച്ചു. പുറപ്പെടാനിരുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസൽസിലേക്ക് വരുന്ന വിമാനങ്ങളെ വഴിതിരിച്ചുവിട്ടു. ട്രെയിൻ, മെട്രോ, ട്രാം സർവീസുകൾ റദ്ദാക്കി. നഗരത്തിൽ 1600 ലേറെ പോലീസുകാരെ അധികമായി വിന്യസിപ്പിച്ചു. ബ്രസൽസ് നഗരഹൃദയത്തിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് സാവെന്റം എയർപോർട്ട്. പ്രതിവർഷം 23 ദശലക്ഷം യാത്രക്കാരാണ് ഇതിലൂടെ കടന്നുപോകുന്നത്.