ലുലു ഗ്രൂപ്പ് സൗദിയിൽ 10 ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും

Posted on: January 14, 2016

LuLu-Hyper-Dammam-Inaug-13-

ദമാം : ലുലു ഗ്രൂപ്പിന്റെ 121 മത്തെയും സൗദി അറേബ്യയിലെ ആറാമത്തെയും ഹൈപ്പർമാർക്കറ്റ് ദമാമിൽ തുറന്നു. പ്രിൻസ് സൗദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിൽ 2016 ൽ നാലും 2017 ൽ ആറും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു.

ജിദ്ദയിൽ രണ്ടും ഹെയിൽ, ഹോഫുഫ് എന്നിവിടങ്ങളിൽ ഓരോന്നുമാണ് ആരംഭിക്കുന്നത്. മക്കയിലും മദീനയിലും ഉൾപ്പടെ ആറ് ഹൈപ്പർമാർക്കറ്റുകൾ അടുത്തവർഷവും തുറക്കും. 800 മില്യൺ സൗദി റിയാൽ ഇതേവരെ മുതൽമുടക്കിയിട്ടുണ്ട്. 2017 അവസാനത്തോടെ 700 മില്യൺ സൗദി റിയാൽ കൂടി നിക്ഷേപിക്കും. അതോടെ സൗദിയിലെ മൊത്തം നിക്ഷേപം 1.5 ബില്യൺ റിയാലായി വർധിക്കുമെന്നും എം എ യൂസഫലി ചൂണ്ടിക്കാട്ടി.

LuLu-Hyper-Dammam-Opening-B

ലുലു ഗ്രൂപ്പിൽ 1500 സൗദി പൗരൻമാർ ജോലിനോക്കുന്നുണ്ട്. 2017 അവസാനത്തോടെ 5000 സൗദി പൗരൻമാർക്ക് ജോലി നൽകുമെന്നും എം എ യൂസഫലി പറഞ്ഞു.

ദമാം മുനിസിപ്പാലിറ്റി പ്രസിഡന്റ് അബ്ദുള്ള അൽ അഹമ്മദ്, വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷറഫ് അലി, ഡയറക് ടർമാരായ അൽത്താഫ് മുഹമ്മദ്, എം. എ. സലിം, സൗദി അറേബ്യയിലെ റീജണൽ ഡയറക്ടർമാരായ അബ്ദുൾ ബഷീർ, മുഹമ്മദ് ഷെഹിം, മുഹമ്മദ് മുസ്തഫ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.