സംസ്ഥാനത്ത് നഗരവികസന വകുപ്പ് രൂപീകരിക്കണം : ഡോ. ജി സി ഗോപാലപിള്ള

Posted on: January 6, 2016

Ekm-Press-club-Meet-the-Pre

കൊച്ചി : സംസ്ഥാനത്ത് മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവുന്നില്ലെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ ഡോ. ജി സി ഗോപാലപിള്ള. ഫുട്പാത്തുകൾ ഇടിച്ച് നിരത്തിയുള്ള റോഡ് വികസനമല്ല കേരളത്തിന് വേണ്ടത്. സംസ്ഥാനത്തെ നഗരങ്ങളിൽ വികസന പ്രവർത്തനങ്ങൾ സാധ്യമാകണമെങ്കിൽ നഗര വികസന വകുപ്പ് രൂപീകരിക്കണമെന്നും ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ഇതിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കൊച്ചി വികസന സംഗമത്തിന് മുന്നോടിയായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോപാല പിള്ള.

അരൂർ മുതൽ ഇടപ്പള്ളി വരെ എലിവേറ്റഡ് ഹൈവേ നടപ്പാക്കണമെന്ന് താൻ 15 വർഷം മുൻപ് റിപ്പോർട്ട് നൽകിയതാണ്. അന്ന് 600 കോടി രൂപ ചെലവിൽ അത് നടപ്പാക്കാമായിരുന്നു. കേന്ദ്ര സർക്കാർ സഹായത്തോടെ സബർബൻ ട്രെയിൻ നടപ്പാക്കണം. നാൽപ്പത്തഞ്ചോളം കനാലുകൾ കൊച്ചിയിലുണ്ട്. ഇതിൽ പതിനഞ്ച് കനാലുകൾ വികസിപ്പിച്ചാൽ കൊതുക് ശല്യം അൻപത് ശതമാനത്തോളം കുറയുമെന്ന് മാത്രമല്ല ജലഗതാഗതവും ടൂറിസം സാധ്യതകളും വർധിപ്പിക്കുകയും ചെയ്യാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ രൂപീകരിച്ച് ഒന്നോ രണ്ടോ വർഷത്തിനകം നടപ്പാക്കണമെന്നും ഗോപാല പിള്ള ആവശ്യപ്പെട്ടു. കുറച്ച് ത്യാഗം സഹിക്കാതെ വികസനം നടക്കില്ലെന്നും ഏതെങ്കിലും ഒരു ലോബിയെ തൃപ്തിപ്പെടുത്തി വികസനം നടത്താനാവില്ലെന്നും ഗോപാലപിള്ള പറഞ്ഞു.