യെസ് റോഡ്‌ഷോ തുടങ്ങി

Posted on: August 13, 2014

Yes-ksidc-B

യുവതലമുറയിൽ സംരംഭകത്വ സംസ്‌കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന യംഗ് എന്റർപ്രണർ സമിറ്റിന്റെ (യെസ്) പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോ കൊച്ചിയിൽ ആരംഭിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന ചടങ്ങിൽ സിനിമതാരം റീമ കല്ലിങ്കൽ റോഡ് ഷോ ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ 70 കോളജുകളിൽ യെസ് പ്രമോഷണൽ റോഡ് ഷോ എത്തിച്ചേരും.

കോളജ് പ്രിൻസിപ്പൽ സിസ്റ്റർ വിനീത, എജിഎം സെബാസ്റ്റ്യൻ തോമസ്, കെഎസ്‌ഐഡിസി സ്‌പെഷൽ ഓഫീസർ ഗീവർഗീസ്, ടൈ കേരള പ്രസിഡന്റ് എ.വി. ജോർജ്, ടൈ കേരള ഹെഡ് ക്യാപ്റ്റൻ ചന്ദ്രശേഖർ, ജ്യോതി അസ്വാനി, ദീപക് അസ്വാനി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അങ്കമാലി ആഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ സെപ്റ്റംബർ 12 നാണ് യുവസംരംഭകത്വ ഉച്ചകോടി.ഇൻഫോപാർക്ക്, ടിബിഐ, ടെക്‌നോപാർക്ക്, ക്രിൻഫ്ര, സ്റ്റാർട്ട് അപ് വില്ലേജ്, ടൈ, സിഐഐ, കെഎഫ്‌സി തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ സംരംഭകർ ആവശ്യമായ സഹായങ്ങളും അവസരങ്ങളും ലഭിക്കും. സംസ്ഥാനത്തെ നൂറിലധികം കോളജുകളിൽ നിന്നുള്ള വിദ്യാർഥികളുൾപ്പടെ 2,000 ൽപ്പരം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.