ഐ എസ് ടി ഡി ദേശീയ കൺവൻഷൻ സമാപിച്ചു

Posted on: December 12, 2015

ISTD-Natcon-Big

കൊച്ചി : സർക്കാർ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും പ്രവർത്തനങ്ങളിലെയും സേവനങ്ങളിലെയും മേന്മയെ കുറിച്ച് ഉത്കണ്ഠയുണ്ടെങ്കിൽ അഴിമതിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തണമെന്ന് മലയാളം സർവകലാശാല വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ. അഴിമതി അംഗീകരിക്കുന്ന നമ്മുടെ കാഴ്ച്ചപ്പാട് മാറണം. നന്നായി പരിശീലനം ലഭിച്ച ഒരാൾക്ക് ഒരിക്കലും അഴിമതിക്കരനാവാൻ കഴിയില്ല. പൊതു സംവിധാനവുമായി ബന്ധപ്പെടുന്ന ഏതൊരാളും സുതാര്യമായിരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. കൊച്ചിയിൽ സമാപിച്ച ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്റ് ( ഐ എസ് ടി ഡി ) നാൽപ്പത്തിയഞ്ചാമത് വാർഷിക ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായ പരിശീലനവും നൈപുണ്യ വികസനവും അറിവ് വർധിപ്പിക്കലും ഉണ്ടെങ്കിലെ ഏതൊരാൾക്കും വിജയിക്കാൻ കഴിയൂ. ആവശ്യകതയാണ് പരിശീലകനുള്ള ഗ്യാരണ്ടി. സ്വയം വികസിക്കാൻ മനസുണ്ടായാലെ മാറിയ സാഹചര്യത്തിൽ പൊരുതി നിൽക്കാൻ കഴിയൂ. മേന്മ ആഗ്രഹിക്കുന്നുവെങ്കിൽ നിരന്തര നൈപുണ്യ വികസനവും പരിശീലനവും അനിവാര്യമാണ്. ആചാരാനുനുഷ്ഠാനങ്ങളിലാണ് സർക്കാരുകൾക്ക് താത്പര്യം. മലയാളികൾ ആചാരങ്ങളിൽ മാത്രം വിശ്വസിക്കുന്നവരാണ്. പരിശീലനം ഏതൊരു സർക്കാരിന്റെയും അവസാന മുൻഗണനയിലുള്ള വിഷയമാണെന്നും ജയകുമാർ ചൂണ്ടിക്കാട്ടി.

നാറ്റ്‌കോൺ ചെയർമാൻ എസ്.ആർ. നായർ, കോ ചെയർമാൻ ജോസ് ഫിലിപ്പ്, ഐ എസ് ടി ഡി ദേശീയ അധ്യക്ഷൻ യോഗേഷ് കുമാർ ഉപാദ്ധ്യായ, ഏണസ്റ്റ് ആൻഡ് യംഗ് കേരള മേധാവി രാജേഷ് നായർ, ഐ എസ് ടി ഡി കൊച്ചി ചെയർമാൻ പി.ടി. ജോർജ് തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

നാറ്റ്‌കോൺ അവസാന ദിവസമായ ഇന്നലെ പഠനത്തിലും വികസനത്തിലും മാറി വരുന്ന പ്രവണത എന്ന വിഷയത്തിൽ റിലയൻസ് റീട്ടെയിൽ വൈസ് പ്രസിഡന്റ് സി.എസ്. അനിൽകുമാർ, അക്കാദമി ഓഫ് എച്ച്.ആർ.ഡി അഹമ്മദാബാദ് ഡയറക്ടർ പ്രഫ. ഡോ. രാജേശ്വരി നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ കുതിപ്പ്: യുവതയുടെ പ്രതീക്ഷ എന്നാ വിഷയത്തിൽ ടി കെ എം മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ പ്രഫ. എം എം സുൽഫി, യംഗ് ഇന്ത്യൻസ് കേരള മുൻ അധ്യക്ഷൻ നമ്രത ഖൊന സാമ്ര, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.