ഐ എസ് ടി ഡി ദേശീയ കൺവൻഷന് തുടക്കമായി

Posted on: December 11, 2015

ISTD-Natcon-2015-Kochi-Inau

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്റ് ( ഐ എസ് ടി ഡി ) 45 – ാമത് വാർഷിക ദേശീയ കൺവൻഷൻ – നാറ്റ്‌കോൺ, കൊച്ചി  സൈം കാമ്പസിൽ തുടക്കമായി. ഫെഡറൽ ബാങ്ക് സി ഇ ഒ യും എം ഡിയുമായ ശ്യാം ശ്രീനിവാസൻ നാറ്റ്‌കോൺ, കൊച്ചിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ആധുനിക ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാത്തവർ നോക്ക്കുത്തികളായി മാറുന്ന കാലഘട്ടമാണിതെന്നും ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. മാറ്റത്തിന്റെ സംവാഹകരാകാൻ നമുക്ക് കഴിയണം. ഇന്നത്തെ സാഹചര്യങ്ങളിൽ മാറ്റം അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള കാര്യങ്ങളിൽ മാറ്റത്തിനനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ചെന്നൈ വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങൾ ആവും ഫലമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോർപറേറ്റ് സ്ഥാപനങ്ങളിൽ മുതിർന്നവരും ജൂനിയറുമായ എല്ലാവരും മാറ്റം ഉൾക്കൊണ്ട് ഒരു ടീമായി പ്രവർത്തിച്ചാലേ ലക്ഷ്യം നേടൂ. പ്രായമായവരെ അംഗീകരിക്കുകയും പുതുതലമുറയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റ് തന്ത്രമാണ് അഭികാമ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള ആവശ്യങ്ങൾക്കനുസരിച്ച് യുവതലമുറയെ ശാക്തീകരിക്കുക എന്ന വിഷയം സംബന്ധിച്ച സെഷനിൽ കസ്റ്റംസ് കമ്മീഷണർ ഡോ. കെ. എൻ രാഘവൻ സംസാരിച്ചു. ചൈനയും ഇന്ത്യയും തമ്മിലുള്ള വികസന കുതിപ്പിന്റെ സാമ്യതയും മാറ്റങ്ങൾ ഉൾക്കൊള്ളാൻ ചൈന കാണിച്ച ആർജവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന ലോകത്തെ വൻ ശക്തിയായി മാറിയത് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറായത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ എസ് ടി ഡി ദേശീയ പ്രസിഡന്റ് യോഗേഷ് കുമാർ ഉപാധ്യായ അധ്യക്ഷത വഹിച്ചു. ടി വി റാവു ലേർണിംഗ് സിസ്റ്റംസ് ചെയർമാനും അഹമദാബാദ് ഐ ഐ എം പ്രഫസറുമായ ടി.വി. റാവു, നാറ്റ്‌കോൺ ചെയർമാൻ എസ് ആർ നായർ, മുൻ പ്രസിഡന്റ് പ്രഫ. ജെ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ടി.വി. സുബറാവു, പി. ടി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.