ചേർത്തലയിലും പാലക്കാട്ടും മെഗാ ഫുഡ് പാർക്കുകൾ വരുന്നു

Posted on: November 19, 2015

 

P-K-Kunhalikutty-Big

കൊച്ചി : ചേർത്തലയിലും പാലക്കാട്ടും രണ്ട് മെഗാ ഫുഡ് പാർക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വ്യവസായ, ഐടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും കൊച്ചിയിൽ പറഞ്ഞു. കെഎസ്‌ഐഡിസിക്കു കീഴിൽ ചേർത്തലയിൽ 65 ഏക്കറിലാണ് ഫുഡ് പാർക്ക് സ്ഥാപിക്കുന്നത്. 130 കോടിരൂപയാണ് ഇതിനായുള്ള മുതൽമുടക്ക്. സമുദ്ര വിഭവങ്ങളുടെ സംസ്‌കരണത്തിനായിരിക്കും ചേർത്തലയിലെ പാർക്ക് പ്രധാനമായും ഊന്നൽ നൽകുക.

വ്യക്തിഗതസംരംഭകർക്കും തങ്ങളുടെ യൂണിറ്റുകൾ ഇവിടെ സ്ഥാപിക്കാനാകും. മൂന്നുവർഷത്തിനുള്ളിൽ ഇവിടുത്തെ നിക്ഷേപം 500 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ. 3000 പേർക്ക് നേരിട്ടും 12000 പേർക്ക് പരോക്ഷമായും ജോലി നൽകാൻ സാധിക്കും.

പാലക്കാട് ജില്ലയിലെ എലപ്പുള്ളി, പുതുശ്ശേരി വില്ലേജുകളിലായി 78.68 ഏക്കറിലാണ് കിൻഫ്രയുടെ ഫുഡ് പാർക്ക് വരുന്നത്. 119.02 കോടിയാണ് ഇതിൽ കിൻഫ്രയുടെ നിക്ഷേപം. 1500 പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും ഇവിടെ തൊഴിൽ ലഭിക്കും. രണ്ട് ഫുഡ് പാർക്കുകൾക്കുമായി കേന്ദ്ര സർക്കാരിൽ നിന്ന് 50 കോടിരൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈബി ഈഡൻ എം.എൽ.എ, വ്യവസായ, ഐടി വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.