കെഎസ്‌ഐഡിസി വീസമ്മിറ്റ് ഇന്ന്

Posted on: November 18, 2015

KSIDC-WE-Summit-logo-Big

കൊച്ചി : സംരംഭകത്വരംഗത്ത് നിലയുറപ്പിച്ച വനിതകളെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ രൂപംകൊടുത്ത വീ മിഷന്റെ ഭാഗമായി വിമൻ എൻട്രപ്രെണർ സമ്മിറ്റ് 2015 വ്യാഴാഴ്ച കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കും. ആയിരത്തിൽപരം വനിതാസംരംഭകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐടി വകുപ്പു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.

സംരംഭകത്വ രംഗത്ത് കേരളത്തിലെ വനിതകൾ കൈവരിച്ച പുരോഗതി ഈ ഉച്ചകോടിയിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടും. വ്യവസായ മേഖലയിലെ പ്രമുഖരുമായി നേരിട്ടു ചർച്ചകൾ നടത്താനുള്ള അവസരമായിരിക്കും വനിതാ സംരംഭകർക്ക് ഈ ഉച്ചകോടിയിലെ സെഷനുകളിലൂടെ ലഭിക്കുക. ഇ-കോമേഴ്‌സ് വിദഗ്ദ്ധരുമായി ചർച്ചകൾ നടത്താനും വാൾമാർട്ട് പോലുള്ള ആഗോള റീട്ടെയിൽ രംഗത്തെ വൻകിടക്കാരുമായി സഹകരണത്തിനുള്ള അവസരം പ്രയോജനപ്പെടുത്താനുമെല്ലാം ഇതിലൂടെ സാധിക്കും.

വിജയികളായ വനിതാ സംരംഭകരുമായുള്ള കൂടിക്കാഴ്ചകളാണ് മറ്റൊരു പ്രത്യേകത. വിപണനം, സാമ്പത്തിക സഹായം, സാങ്കേതിക വിദ്യ തുടങ്ങി നിരവധി മേഖലകളെക്കുറിച്ചു നേരിട്ടുള്ള ധാരണയുണ്ടാക്കാനും ഉച്ചകോടി അവസരമൊരുക്കും. വനിതാ സംരംഭകർക്കു പിന്തുണയുമായി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

മുൻ ഗവർണറും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. പ്രൊഫ. കെ.വി.തോമസ് എംപി, എസ്. ശർമ്മ എംഎൽഎ,ഹൈബി ഈഡൻ എംഎൽഎ, യുഎൻ വിമൻ ഇന്ത്യ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് പാട്രീഷ്യ ബറാണ്ടൺ, കേരള ചീഫ് സെക്രട്ടറിയും കെഎസ്‌ഐഡിസി ചെയർമാനുമായ ജിജി തോംസൺ,

വ്യവസായ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന, ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാര്യർ, വാൾമാർട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് രജനീഷ് കുമാർ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. ബി. വൽസലകുമാരി എന്നിവർ പ്രസംഗിക്കും.

വീ സമ്മിറ്റ് 2015 ന്റെ അംബ്രല്ലാ പ്രസന്റേഷൻ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചടങ്ങിൽ പ്രകാശനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ വ്യവസായ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ ഉച്ചകോടിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കും.