കേരള ഹെൽത്ത് ടൂറിസം 2015 നാളെ ആരംഭിക്കും

Posted on: October 29, 2015

Kerala-Health-Tourism-Confe

കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ഹെൽത്ത് ടൂറിസം 2015 ന് ഒക്ടോബർ 30 ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ തുടക്കമാകും. കേരളത്തിലെ ആരോഗ്യ ടൂറിസത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ അഞ്ചാം പതിപ്പാണിത്. 2020 ഓടെ കേരളത്തെ ഇന്ത്യയിലെ ആരോഗ്യപരിരക്ഷ ഹബാക്കുന്നതിനുള്ള ബോധവത്ക്കരണവും അതിനായി പങ്കാളികളെ ഒരുമിച്ചുകൂട്ടുന്നതിനുമാണ് രണ്ടു ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. 30 ന് രാവിലെ 11 ന് സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ കേരള ഹെൽത്ത് ടൂറിസം 2015 ഉദ്ഘാടനം ചെയ്യും.

2006 ലാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. മെഡിക്കൽ ടൂറിസം മാർക്കറ്റിൽ നിലവിൽ അഞ്ചു മുതൽ ഏഴു ശതമാനം വരെ വിപണി പങ്കാളിത്തമുള്ള കേരളത്തിന് അഞ്ചു വർഷത്തിനുള്ളിൽ അത് 10 മുതൽ 15 ശതമാനം വരെയാക്കി വർധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഹോസ്പിറ്റൽ, വിനോദസഞ്ചാര മേഖലകളിലെ രാജ്യാന്തര വിദഗ്ദ്ധരും ബ്യൂറോക്രാറ്റുകളും ഉൾപ്പെടെ നാൽപതിൽപരം പ്രഭാഷകരാണ് രണ്ടുദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. ആരോഗ്യ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയരൂപീകരണം, ഗുണനിലവാരവും അക്രഡിറ്റേഷനും ലക്ഷ്യമിടുന്ന വിപണികളും വിപണന തന്ത്രങ്ങളും, രാജ്യാന്തര പേഷ്യന്റ് മാനേജ്‌മെന്റിലെ സമകാലിക വെല്ലുവിളികൾ, അഞ്ചുവർഷത്തിനപ്പുറമുള്ള ഹെൽത്ത് ടൂറിസത്തിന്റെ ഭാവി, സുസ്ഥിര വിനോദസഞ്ചാരത്തിലൂടെ സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.

ആരോഗ്യരംഗത്തെ കേരളത്തിന്റെ ശേഷികൾ ലോകത്തുടനീളം വെബിലൂടെ പ്രചരിപ്പിക്കുന്നതിനായി മെഡിക്കൽ വാല്യു ട്രാവലർ പോർട്ടലിനും സമ്മേളനം തുടക്കമിടും. സമ്മേളനത്തെ തുടർന്ന്, ഹെൽത്ത് ടൂറിസത്തിന്റെ വരുന്ന അഞ്ചുവർഷത്തേയും അതിനുശേഷവുമുള്ള ഭാവിയെപ്പറ്റി ഗ്രാൻഡ് തോൺടണിന്റെ സഹകരണത്തോടെ പഠനം നടത്തുന്നുണ്ട്. സംസ്ഥാനത്തെ ഹെൽത്ത് ടൂറിസത്തെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ മെഡിക്കൽ വാല്യു ട്രാവലർ എന്ന പേരിൽ പ്രത്യേക വിഭാഗത്തിനും കെഎച്ച്ടിയിൽ രൂപംകൊടുക്കും. സംസ്ഥാനത്ത് ശക്തമായ ഒരു ആരോഗ്യ വിനോദസഞ്ചാര വ്യവസായം പടുത്തുയർത്താൻ താത്പര്യമുള്ള പങ്കാളികളെ ഒരുമിച്ചുചേർക്കുന്നതിനുള്ള അപ്പെക്‌സ് ബോഡിയായി ഈ ഫോറം പ്രവർത്തിക്കും.

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി, ലേക് ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സിഇഒയും എംഡിയുമായ ഡോ. ഫിലിപ് അഗസ്റ്റിൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജീവ് സിംഗ്, മാക്‌സ് ഹെൽത്ത്‌കെയർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ അനസ് അബ്ദുൾ വാജിദ്, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് സിഇഒ ഡോ. കെ. കെ. കർള, ഐഎംഎ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ ചെയർമാൻ ആർ. വി. അശോകൻ, ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ ഏഷ്യ പസഫിക് ഓഫീസ് എംഡി ഡോ. പ്രഭു വിനായകം,

ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. കെ.സുന്ദരമൂർത്തി, ഒമാൻ ഹെൽത്ത് അറ്റാഷെ ഡയറക്ടർ ഡോ. അലി അഹമ്മദ് ബാ ഒമർ, മാൽദീവിലെ ജെൻഡർ, ഫാമിലി ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് മന്ത്രാലയത്തിലെ പെർമനന്റ് സെക്രട്ടറി ഹുസൈൻ റഷീദ്, ഫ്രോസ്റ്റ് ആൻഡ് സുള്ളിവൻ സൗത്ത് ഏഷ്യ ആൻഡ് മിഡിൽ ഈസ്റ്റ് ഹെൽത്ത് കെയർ അസോസിയേറ്റ് ഡയറക്ടർ ഡോ. എൻ.കെ.സിംഗ് തുടങ്ങിയർ പരിപാടിയിൽ പങ്കെടുക്കും.