ഗുരുകുൽ പദ്ധതിയുമായി ഈസ്റ്റേൺ

Posted on: October 3, 2015

Eastern-big-Logo

കൊച്ചി : കേരളത്തിലെ ബിരുദധാരികൾക്ക് ഈസ്റ്റേൺ ഗ്രൂപ്പിന്റെ സൗജന്യ നൈപുണ്യ പരിശീലന സംരംഭം. വിവിധ ബിസിനസ് മേഖലകളിൽ മികച്ചരീതിയിൽ മുന്നേറുന്ന ഈസ്റ്റേണിന്റെ കീഴിലുള്ള സിഎസ്ആർ പരിപാടികളുടെ ഭാഗമായി എംഇ മീരാൻ ഫൗണ്ടേഷനാണ് ഈസ്റ്റേൺ ഗുരുകുൽ എന്നപേരിൽ കേരളത്തിലെ എൻജിനീയറിംഗ് കോളജുകളിൽ പരിശീലനപരിപാടി തുടങ്ങുന്നത്.

ഓരോവർഷവും കേരളത്തിൽ എൻജിനീയറിംഗ് പ്രവേശനം നേടുന്ന 51000 വിദ്യാർഥികളിൽ 70 ശതമാനവും ബിരുദം നേടുന്നതിൽ പരാജയപ്പെടുകയാണെന്ന് ഈസ്റ്റേൺ ചെയർമാൻ നവാസ് മീരാൻ ചൂണ്ടിക്കാട്ടി. വിജയിക്കുന്ന 30 ശതമാനത്തിൽ പകുതിപ്പേർപോലും തൊഴിലെടുക്കാൻ പര്യാപ്തരുമല്ല. ഈ സാഹചര്യത്തിൽ വ്യവസായങ്ങൾക്കനുയോജ്യമായ വിധത്തിൽ എൻജിനീയറിംഗ് പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതും നൈപുണ്യപരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനമായ വിൻബ്ലസ് മാനേജ്‌മെന്റ് സൊല്യൂഷൻസിനെ നോളജ് പാർട്ണറാക്കിക്കൊണ്ടാണ് ഇതു നടപ്പാക്കുന്നത്.
ഈസ്റ്റേൺ ഗുരുകുൽ പദ്ധതിയിൽ പങ്കാളികളാകുന്ന എൻജിനീയറിംഗ് കോളജുകൾക്ക് ‘മാർഗദർശി’ എന്ന പേരിൽ വിദ്യാർഥികൾക്കായി ഈസ്റ്റേൺ നടപ്പാക്കുന്ന സൗജന്യ തൊഴിൽ, സാങ്കേതിക നൈപുണ്യ പരിശീലനവും ഗുരുദക്ഷിണ എന്ന പേരിൽ അധ്യാപകരുടെ കഴിവു വികസിപ്പിക്കാനുതകുന്ന പരിശീലനവും ലഭ്യമാക്കും.

പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ എൻജിനീയറിംഗ് കോളജുകൾക്കും വേണ്ടി വെബിനാറുകൾ (ഇന്റർനെറ്റിലൂടെയുള്ള സെമിനാർ) വഴി ടെലികാസ്റ്റ് ചെയ്യും. ഓരോ ആഴ്ചയിലും മാറിമാറി ഓരോ സ്ട്രീമുകൾക്കും വേണ്ടിയുള്ള ഒരു മണിക്കൂർ പരിശീലനമാണ് സംഘടിപ്പിക്കുക. കൂടാതെ വെബിനാറിൽ മാസംതോറും സിഇഒയുമായുള്ള ആശയവിനിമയവും മൂന്നുമാസത്തിലൊരിക്കൽ വിദഗ്ദ്ധരുടെ പ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. വെബിനാർ വഴിയായതിനാൽ പദ്ധതിയിൽ പങ്കാളികളാകുന്ന വിദ്യാർഥികൾക്ക് അവരവരുടെ കോളജുകളിൽ നിന്നുതന്നെ ഈ സൗകര്യങ്ങൾ ലഭ്യമാകും.

മൂന്നുമാസത്തിലൊരിക്കൽ ഈസ്‌റ്റേണിന്റെ കോർപറേറ്റ് ഓഫീസിൽ നടത്തുന്ന ഫാക്കൽറ്റി ഡവലപ്‌മെന്റ് പരിപാടി ആവശ്യമെങ്കിൽ താത്പര്യപ്പെടുന്ന കോളജുകളിൽ രണ്ടുമാസത്തിലൊരിക്കൽ നടത്തുകയും ചെയ്യും. ഇതിന്റെ ഫീസിന്റെ പകുതി തുക ഈസ്റ്റേൺ വഹിക്കും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 0484 6500282 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.