ദുബായിൽ ടെന്നീസ് മാരത്തൺ

Posted on: September 30, 2015

Dubai-Tennis-Marathon-press

ദുബായ് : 24 മണിക്കൂർ നീളുന്ന ലോകത്തിലെ ആദ്യ ടെന്നീസ് മാരത്തണിന് ദുബായ് വേദിയാകും. നവംബർ 13 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മാരത്തൺ 14 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും. ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ടെന്നീസ് കോർട്ടിലാണ് മാരത്തൺ അരങ്ങേറുന്നത്. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് ദേശീയ-അന്തർദേശീയ ടെന്നീസ് താരങ്ങൾ മാരത്തണിൽ പങ്കെടുക്കും.

ഷെരീഫ് ഇന്റർനാഷണൽ സ്‌പോർട്‌സ് മാനേജ്‌മെന്റും സ്‌പോർട്‌സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ വെരാസിറ്റി വേൾഡും ചേർന്നാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ദുബായ് ടെന്നീസ് അക്കാദമി ഉടമകളാണ് ഷെരീഫ് ഇന്റർനാഷണൽ. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ പിന്തുണയും മാരത്തണിനുണ്ട്. ലോക ടെന്നീസിന്റെ ചരിത്രത്തിൽ മാരത്തൺ ഒരു റെക്കോർഡ് സൃഷ്ടിക്കുമെന്ന് വെരാസിറ്റി മാനേജിംഗ് ഡയറക്ടർ വിപിൻ ശർമ്മ പറഞ്ഞു.

മാരത്തൺ ദുബായിയെ ടെന്നീസ് ഹബാക്കി മാറ്റമെന്ന് ദുബായ് ടെന്നീസ് അക്കാദമി എംഡി കൂടിയായ സ്ട്രാത്ത് ഷെരീഫ് പറഞ്ഞു. മാരത്തണിൽ പങ്കെടുക്കുന്ന ഓരോ ടീമിലും 12 താരങ്ങൾ വീതമുണ്ടാകും. 2013 ലെ വിംബിൾടൺ ചാമ്പ്യനായ മാരിയോൺ ബർട്ടോളിയുമായി സംവദിക്കാൻ മാരത്തണിൽ അവസരമുണ്ടാകുമെന്നും സ്ട്രാത്ത് ഷെരീഫ് പറഞ്ഞു.