ബിയറിനെ മദ്യങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് വിജയ് മല്യ

Posted on: September 23, 2015

Vijay-mallya-Grey-suit-big

ബംഗലുരു : ബിയറിനെ മദ്യങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് യുണൈറ്റഡ് ബ്രൂവറീസ് ചെയർമാൻ വിജയ് മല്യ ആവശ്യപ്പെട്ടു. യുബിഎൽ വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും ചായയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയമാണ് ബിയർ. ആഗോളതലത്തിൽ ബിയറിന്റെ പ്രതിശീർഷ ഉപഭോഗം 27 ലിറ്ററാണ്. എന്നാൽ ഇന്ത്യയിൽ കേവലം രണ്ട് ലിറ്റർ മാത്രമാണ് പ്രതിശീർഷ ഉപഭോഗമെന്നും അദ്ദേഹം പറഞ്ഞു.

കാലോചിതമല്ലാത്ത നികുതിനയങ്ങൾ മൂലം ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത പാനീയമായി ബിയർ മാറി. അഞ്ച് ശതമാനം ആൽക്കഹോൾ അടങ്ങിയ ബിയറിനെ 40 ശതമാനം ആൽക്കഹോൾ അടങ്ങിയ മദ്യത്തിന്റെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും വിജയ് മല്യ ചൂണ്ടിക്കാട്ടി.