ആസ്റ്റർ മെഡ്‌സിറ്റിയിൽ ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ സർജറി

Posted on: September 8, 2015

Aster-Medcity-DBF-Surgery-B

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റിയിൽ കഴിഞ്ഞയാഴ്ച പാർക്കിൻസൺ രോഗിക്ക് ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയ വിജയകരമായി നടത്തി. പതിനഞ്ച് വർഷമായി പാർക്കിൻസൺ രോഗം മൂലം വലഞ്ഞിരുന്ന അൻപത്തിയെട്ടുകാരനാണ് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. മരുന്നുകളോട് പ്രതികരിക്കാത്ത സ്ഥിതിയും ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെവന്ന സാഹചര്യത്തിലുമാണ് അപൂർവ്വമായ ശസ്ത്രക്രിയ നടത്താൻ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ തീരുമാനിച്ചത്.

രണ്ട് നേരിയ ഇലക്ട്രോഡുകൾ തലച്ചോറിലെ സബ് തലാമിക് കേന്ദ്രത്തിലേയ്ക്ക് ഇറക്കിവയ്ക്കുന്നതാണ് ഈ ചികിത്സയിലെ രീതി. തലച്ചോറിലെ കോശങ്ങളുടെ വൈദ്യുതപ്രവർത്തനം വിലയിരുത്തിയാണ് ഇലക്ട്രോഡുകൾ ഉള്ളിലേയ്ക്ക് കടത്തുന്നത്. സ്റ്റിമുലേഷന്റെ ഗുണഫലങ്ങൾ രോഗിക്ക് അപ്പോൾ തന്നെ തിരിച്ചറിയാൻ കഴിയും. നെഞ്ചിൽ ഉറപ്പിക്കുന്ന ചെറിയ പേസ്‌മേക്കർ പോലെയുള്ള ഉപകരണം തലച്ചോറിലെ ഇലക്ട്രോഡുകൾ വഴി മർമ്മങ്ങളെ ഉദ്ദീപിപ്പിക്കും. ഈ ഉപകരണത്തിൽനിന്നുള്ള ഉദ്ദീപനങ്ങളെ നിയന്ത്രിക്കാൻ കഴിയും. ന്യൂറോളജസ്റ്റിന് രോഗിയുടെ ആവശ്യത്തിന് അനുസരിച്ച് ഇവ പ്രോഗ്രാം ചെയ്യാം.

എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി മൂന്നു ദിവസങ്ങൾക്കുശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു. ശസ്ത്രക്രിയയ്ക്കുമുമ്പ് കഴിച്ചിരുന്ന മരുന്നുകളുടെ എണ്ണം ഗണ്യമായി കുറച്ചു. രോഗാവസ്ഥ മെച്ചപ്പെടുന്നതുവരെ ഏതാനും ആഴ്ചകൾകൂടി ഉപകരണത്തിന്റെ പ്രോഗ്രാമിംഗ് നടത്തേണ്ടിവരുമെന്നതിനാൽ രോഗി ഔട്ട്‌പേഷ്യന്റായി ആശുപത്രിയിൽ എത്തേണ്ടി വരും. പാർക്കിൻസൺ രോഗികളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയുന്നതാണ് ഡീപ് സ്റ്റിമുലേഷൻ സർജറി. പാർക്കിൻസൺ രോഗം അവസാനഘട്ടത്തിലെത്തിയ രോഗികൾക്ക് മാത്രമേ ഡിബിഎഫ് നിർദ്ദേശിക്കാറുള്ളൂ.

ആസ്റ്റർ മെഡ്‌സിറ്റിയാണ് കൊച്ചിയിൽ ആദ്യമായി സങ്കീർണ്ണമായ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിൽ തിരുവനന്തപുരത്താണ് ഇപ്പോൾ ഈ സൗകര്യമുള്ളത്. ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോസർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ദിലീപ് പണിക്കർ, ന്യൂറോളജി വിഭാഗം കൺസൽട്ടന്റ് ഡോ. ബോബി വർക്കി മാരാമറ്റം, അനസ്‌തേഷ്യ വിഭാഗം കൺസൽട്ടന്റ് ഡോ. പി. ടി. ജിതേന്ദ്ര, ഡോ. ഒ. കെ. സുജിത് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയത്.