മത്സ്യമേഖലയുടെ സമഗ്രവികസനത്തിനായി അബാദ് സ്‌കൂൾ ഓഫ് ഫിഷ്

Posted on: August 26, 2015

Abad-Fisheries-Pressmeet-Bi

കൊച്ചി : മത്സ്യവിപണന മേഖലയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ട് അബാദ് ഗ്രൂപ്പ് കൊച്ചിയിൽ പഠന കേന്ദ്രം ആരംഭിക്കുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ബില്ലിംഗ്‌സ്‌ഗേറ്റിന്റെ ഫിഷ് മോംഗേഴ്‌സ് കമ്പനിയുമായി ചേർന്നാണ് അബാദ് സ്‌കൂൾ ഓഫ് ഫിഷ് പ്രവർത്തനമാരംഭിക്കുന്നത്. സമുദ്രോത്പന്ന വിപണന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനി ആദ്യമായാണ് ഇത്തരത്തിൽ ഒരു പാഠശാല ആരംഭിക്കുന്നത്.

വീട്ടമ്മമാർ, പാചക വിദഗ്ധർ, വിദ്യാർത്ഥികൾ, മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർക്കു വേണ്ടിയുള്ള ഹൃസ്വകാല കോഴ്‌സുകളാണ് തുടക്കത്തിൽ നടത്തുന്നതെന്ന് അബാദ് ഫിഷറീസ് ഡയറക് ടർ ഫറോസ് ജാവേദ് പറഞ്ഞു. നല്ല മത്സ്യം തെരഞ്ഞെടുക്കുന്നത്, വൃത്തിയാക്കുന്നത്, കേടുകൂടാതെ സൂക്ഷിക്കുന്നത്, പാചക വിധികൾ എന്നിവയാണ് പാചകകല ഹോബിയാക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടിയുള്ള കോഴ്‌സിലുള്ളത്.

തൊഴിൽ നേടുന്നതിന് സഹായകമായ പാഠ്യപദ്ധതിയാണ് വിദ്യാർത്ഥികൾക്കു വേണ്ടി അവതരിപ്പിക്കുന്നത്. പാചകം, ഫിൽട്ടറിംഗ്, കട്ടിംഗ്, മത്സ്യം ശുദ്ധീകരിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയവയാണ് പാചചക വിദഗ്ധർക്കു വേണ്ടിയുള്ള പാഠ്യപദ്ധതി. ഏറ്റവും ആധുനിക മത്സ്യബന്ധന രീതികളും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളും മറ്റുമാണ് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കുള്ള കോഴ്‌സിലുള്ളത്. നാമമാത്ര കോഴ്‌സ്ഫീസാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്.

ഫിഷ് മോംഗേഴ്‌സ് കമ്പനിയുടെ ചീഫ് ഇൻസ്‌പെക്ടർ സി. പി. ലെഫ്റ്റ്‌വിച്ച്, പീറ്റർ വുഡ്വാർഡ്, അഡൈ്വസർ കെ. എ. ഫെലിക്‌സ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.