ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് സിസിഎഫ്‌ഐ നോട്ടീസ് അയച്ചു

Posted on: July 10, 2015

CCFI-Logo-small

കൊച്ചി : തമിഴ്‌നാട്ടിൽ നിന്നെത്തുന്ന പച്ചക്കറികളിൽ അനുവദനീയമായതിലും അഞ്ച് മുതൽ പത്തിരട്ടി വരെ വിഷാംശം കലർന്നിട്ടുണ്ടെന്ന ആരോപണം പിൻവലിച്ച് ക്ഷമ ചോദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കീടനാശിനി ഉത്പാദകരുടെ സംഘടനയായ ക്രോപ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യ (സിസിഎഫ്‌ഐ) കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടിവി അനുപമ ഐഎഎസിന് വക്കീൽ നോട്ടീസയച്ചു.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ആരോപണം തെറ്റും ശാസ്ത്രീയ അടിത്തറയില്ലാത്തതുമാണെന്ന് സിസിഎഫ്‌ഐ പ്രസിഡന്റ് രജ്ജു ഷറോഫ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി സാമ്പിളുകൾ പരിശോധിക്കാൻ നിയുക്തമായ സമിതിക്ക് നേതൃത്വം നൽകിയ കേരള കാർഷിക സർവകലാശാലയിലെ ഡോ. തോമസ് ബിജൂ മാത്യു ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ വാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.

നിരുത്തരവാദപരമായ പ്രസ്താവനയിറക്കിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിസിഎഫ്‌ഐ പ്രസിഡന്റ് സംസ്ഥാന സർക്കാരിനോടവശ്യപ്പെട്ടു. ആരോപണങ്ങൾ പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് സിസിഎഫ്‌ഐ 15 ദിവസത്തെ സമയമനുവദിച്ചിട്ടുണ്ട്. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും സംസ്ഥാന സർക്കാരിനുമെതിനെ നിയമ നടപടി ആരംഭിക്കുമെന്ന് സിസിഎഫ്‌ഐ മുന്നറിയിപ്പ് നൽകി.