ബജാജ് അലയൻസ് ജൂനിയർ ഫുട്‌ബോൾ ക്യാമ്പ് സീസൺ 6 ന് തുടക്കമായി

Posted on: June 21, 2015

Bajaj-Alianz-JFC-Big

കൊച്ചി: ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്താനായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് സംഘടിപ്പിക്കുന്ന ജൂനിയർ ഫുട്‌ബോൾ ക്യാമ്പ് (ജെഎഫ്‌സി) സീസൺ -6-ന് തുടക്കമായി.രാജ്യത്തിന്റെ മുക്കിലും മൂലയിലുമുളള യുവഫുട്‌ബോൾ പ്രതിഭകൾക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമൊരുക്കുകയാണ് സീസൺ 6 ജൂണിയർ ഫുട്‌ബോൾ ക്യാമ്പ്.

www.jfc6.in എന്ന വെബ്‌സൈറ്റ് വിലാസത്തിൽ പ്രവേശിച്ച് യുവഫുട്‌ബോളർമാർക്ക് ഇതിൽ പേരു രജിസ്റ്റർ ചെയ്താൻ മതി. പേരു രജിസ്‌ട്രേഷനുശേഷം ഓൺലൈൻ ഫുട്‌ബോൾ ക്വിസിലും (വാട്ട് ഈസ് യുവർ ഫുട്‌ബോൾ ക്വോഷ്യന്റ്) പങ്കെടുക്കണം. പിന്നീട് ഒരു മിനിറ്റ് ദൈർഘ്യമുളള ഫുട്‌ബോൾ വീഡിയോ (2 എംബിക്കു താഴെ) അപ്‌ലോഡ് ചെയ്യണം. ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ കഴിഞ്ഞു.

ജൂൺ 16 മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. കുട്ടികൾക്കു വീഡിയോ അപ്‌ലോഡ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായാൽ ഏറ്റവുമടുത്ത ബജാജ് അലയൻസ് ലൈഫ് സെയിൽസ് പ്രതിനിധിയെയോ ശാഖയിലോ അറിയിച്ചാൽ അവർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ കുട്ടികളെ സഹായിക്കും.

ഫുട്‌ബോൾ ക്വിസ്, വീഡിയോ എന്നിവ വിലയിരുത്തി ഫുട്‌ബോൾ വിദഗ്ധരാണ് യോഗ്യരായ 66 ഫുട്‌ബോൾ പ്രതിഭകള തെരഞ്ഞെടുക്കും. തുടർന്നു നടക്കുന്ന സോണൽ ഫിനാലെയിൽനിന്ന് 5 പ്രതിഭകളെ ജർമനിയിലെ ജൂണിയർ ഫുട്‌ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത് അയയ്ക്കും.

കഴിഞ്ഞ വർഷം നാല്പതിനായിരത്തോളം ഫുട്‌ബോൾ പ്രതിഭകൾ ഇതിൽ പങ്കെടുത്തിരുന്നു. ഈ വർഷം ഇതിലും കൂടുതൽ പേരെ പങ്കെടുപ്പിക്കുവാൻ ഉദ്ദേശിക്കുന്നതായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് തലവൻ സുബ്രത് മൊഹന്തി അറിയിച്ചു. മുൻവർഷങ്ങളിൽ കുട്ടികൾ ട്രയൽസിനായി യാത്ര ചെയ്ത് എത്തണമായിരുന്നു. ഈ വർഷം അതെല്ലാം ഒഴിവാക്കി ഓൺലൈൻ രജിസ്‌ട്രേഷനാക്കി. ഇതു കുട്ടികൾക്കും സൗകര്യപ്രദമായി എന്നു മാത്രമല്ല കൂടുതൽ പേരിൽ എത്തിച്ചേരാൻ അവസരവുമൊരുക്കിയിരിക്കുകയാണെന്ന് മൊഹന്തി പറഞ്ഞു.

ജർമനിയിലെ എഫ്‌സി ബയേൺ മ്യൂണിച്ചിന്റെ ഔദ്യോഗിക പങ്കാളിയായ അലയൻസ് എസ്ഇയുമായി യോജിച്ചാണ് ജൂണിയർ ഫുട്‌ബോൾ ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്. ഓഗസ്റ്റ് രണ്ടാം വാരത്തിൽ ജർമനിയിലാണ് ക്യാമ്പ്. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുളള യുവ ഫുട്‌ബോൾ പ്രതിഭകൾ ക്യാമ്പിലുണ്ടാകും. എഫ്‌സി ബയേൺ മ്യൂണിച്ചിന്റെ കോച്ചുമാരാണ് കോച്ചിംഗ് നല്കുന്നത്. അലയൻസ് അരേന ഫുട്‌ബോൾ ഗ്രൗണ്ടിൽ മത്സരത്തിൽ പങ്കെടുക്കാനും അവസരം ലഭിക്കും. തോമസ് മുളളർ, ബാസ്റ്റ്യൻ ഷ്വയ്ൻസ്‌റ്റെയ്ഗർ തുടങ്ങിയ ഫുട്‌ബോൾ പ്രതിഭകളെ കാണാനും അവസരം ലഭിക്കും.