പാനസോണിക് രത്തിഛത്തർ സ്‌കോളർഷിപ്പുകൾക്കു തുടക്കമായി

Posted on: June 15, 2015

Panasonic-Logo-big

കൊച്ചി : പാനസോണിക് ഇന്ത്യയുടെ രത്തിഛത്തർ സ്‌കോളർഷിപ്പുകളുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കാണ് ഈ സ്‌കോളർഷിപ്പുകൾ നൽകുന്നത്. ഐഐടികളിൽ പ്രവേശനം ഉറപ്പായ വിദ്യാർത്ഥികൾക്ക് ജൂലൈ 15 വരെ ഈ സ്‌കോളർഷിപ്പിന് അപേക്ഷ നൽകാനാവും.

കമ്പനിയുടെ 80 -ാം വാർഷികത്തോട് അനുബന്ധിച്ച് 1998 ൽ പാനസോണിക് സ്‌കോളർഷിപ്പിനു തുടക്കം കുറിച്ച പാനസോണിക് 2009 ലാണ് സ്‌കോളർഷിപ്പ് പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്. പാനസോണിക് രത്തിഛത്തർ സ്‌കോളർഷിപ്പ് എന്ന പേരിലാണ് ഇത് അവതരിപ്പിച്ചത്. ഈ പദ്ധതി ആരംഭിച്ച ശേഷം എട്ടു പേരെയാണ് ജപ്പാനിൽ ബിരുദാനന്തര പഠനത്തിനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയ മൂന്നു പേരെ ജപ്പാനിലെ ബഹുരാഷ്ട്ര കമ്പനികൾ ജോലിക്കായി തെരഞ്ഞെടുത്തിരുന്നു.

കുറഞ്ഞ വരുമാനമുള്ളവരെ കണ്ടെത്തി വളർത്തിയെടുക്കുകയാണ് പാനസോണിക്കിന്റെ രത്തിഛത്തർ സ്‌കോളർഷിപ്പിന്റെ പുതിയ ഘട്ടത്തിൽ ശ്രമിക്കുന്നതെന്ന് പാനസോണിക് ഇന്ത്യയുടെ പ്രസിഡന്റ് ഡെയ്‌സോ ലിത്തോ ചൂണ്ടിക്കാട്ടി. എല്ലാവരുടേയും ഉന്നമനത്തിനു വഴിയൊരുക്കുവാനാണു തങ്ങൾ ശ്രമിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ചു സംസാരിച്ച പാനസോണിക് ഇന്ത്യാ, ദക്ഷിണേഷ്യാ മാനേജിംഗ് ഡയറക്ടർ മനീഷ് ശർമ്മ പറഞ്ഞു.