എം എ യൂസഫലി ഒ.ഐ.എഫ്.സി. അംഗം

Posted on: May 30, 2015

Yusuf-Ali-M-A-may-2015-Big

ന്യൂഡൽഹി : രാജ്യത്ത് വിദേശഇന്ത്യക്കാരുടെ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ ഫെസിലിറ്റേഷൻ സെന്ററിന്റെ (ഒ.ഐ.എഫ്.സി.) ഗവേണിംഗ് കൗൺസിൽ അംഗമായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക് ടറുമായ പദ്മശ്രീ എം എ യൂസഫലിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. രണ്ടു വർഷമാണ് കാലാവധി. വിദേശ ഇന്ത്യക്കാരുടെ സംരംഭകത്വത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക, വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാഹചര്യങ്ങൾ പ്രചരിപ്പിക്കുക, വാണിജ്യ-ബൗദ്ധിക തലങ്ങളിൽ പ്രവാസി സമൂഹത്തെ മാതൃരാജ്യവുമായി കൂടുതൽ അടുപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2007 ലാണ് ഒ.ഐ.എഫ്.സി രൂപീകൃതമായത്.

മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, കേരളം തുടങ്ങി ഇന്ത്യയിലെ 14 സംസ്ഥാനങ്ങൾ ഒ.ഐ.എഫ്.സിയുടെ പങ്കാളിത്ത സംസ്ഥാനങ്ങളാണ്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഗവേണിംഗ് കൗൺസിലിന്റെ പ്രവർത്തനം. വിദേശകാര്യമന്ത്രി അധ്യക്ഷയായ ഇന്ത്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലും യൂസഫലി അംഗമാണ്. യുഎഇ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അബുദാബി ചേംബർ ഡയറക്ടർ ബോർഡിൽ തുടർച്ചയായി മൂന്നാമതും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനുമാണ്.