സിഎസ്ആറിന് പ്രത്യേക കമ്പനിയുമായി എസ് ബി ഐ

Posted on: May 18, 2015

SBI-Corporate-Centre-big

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങൾക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നു. എസ് ബി ഐ ഫൗണ്ടേഷൻ എന്ന പുതിയ കമ്പനി ജൂലൈ ഒന്നുമുതൽ പ്രവർത്തനക്ഷമമാകുമെന്ന് ജനറൽ മാനേജർ (സിഎസ്ആർ) വിനോദ് പാണ്ഡെ പറഞ്ഞു. എസ് ബി ഐയുടെ സ്ഥാപകദിനം കൂടിയാണ് ജൂലൈ ഒന്ന്. 1806 ജൂലൈ ഒന്നിനാണ് എസ് ബി ഐ ആയി മാറിയ ബാങ്ക് ഓഫ് കൽക്കട്ട ആരംഭിച്ചത്.

എസ് ബി ഐ ചെയർപേഴ്‌സൺ അരുന്ധതീ ഭട്ടാചാര്യ തന്നെയായിരിക്കും പുതിയ കമ്പനിയുടെയും ചെയർമാൻ. എന്നാൽ മുഴുവൻ സമയ മാനേജിംഗ് ഡയറക്ടറും സിഇഒയും വേറെ ഉണ്ടായിരിക്കും. എസ് ബി ഐ ഫൗണ്ടേഷനായി മുംബൈയിലെ എയർ ഇന്ത്യ ടവറിൽ ഓഫീസ് വാടകയ്ക്ക് എടുത്തുകഴിഞ്ഞു.

2014 ൽ 115 കോടി രൂപയാണ് എസ് ബി ഐ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ലാഭത്തിന്റെ ഒരു ശതമാനമാണ് എസ് ബി ഐ ഇപ്പോൾ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി മാറ്റവിയ്ക്കുന്നത്. എന്നാൽ പുതിയ നിയമമനുസരിച്ച് ലാഭത്തിന്റെ 2 ശതമാനം തുക സിഎസ്ആറിനായി മാറ്റിവയ്‌ക്കേണ്ടി വരും.