ബയോഡിഗ്രേഡബിള്‍ ടേബിള്‍വെയര്‍

Posted on: February 19, 2024

തിരുവനന്തപുരം : അരി, ഗോതമ്പ് അവശിഷ്ടങ്ങളില്‍ നിന്ന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ ഭക്ഷണപാത്രങ്ങള്‍ (ബയോഡിഗ്രേഡബിള്‍ ടേബിള്‍വെയര്‍) നിര്‍മിക്കുന്നതിനായി സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യ ലക്‌നൗവിലെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഈസ്റ്റ്
കോറിഡോര്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യപ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പു വച്ചു.

എന്‍ഐഐഎസ്ടിയില്‍ നിന്ന് ഈ സാങ്കേതികവിദ്യ ലഭ്യമാകുന്ന 16-ാമത്തെ കമ്പനിയാണ് ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) കീഴില്‍ തിരുവനന്തപുരത്തെ പാപ്പനം കോട് പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ്‌ടെക്‌നോളജി (എന്‍ഐഐഎസ്ട്രി).

മണ്ണില്‍ പൂര്‍ണമായും ദ്രവിച്ചു പോകുന്ന ഈ പ്ലേറ്റ് ഒറ്റത്തവണമാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് ബദല്‍ ആണ്. ചൂടുള്ളതോ തിളപ്പിച്ചതോ ആയ ഖര, ദ്രാവക ഭക്ഷണം ഇതില്‍ വിളമ്പാം. 310 പിഎച്ച് പരിധിയില്‍ ആസിഡുകളെയും ആല്‍ക്കലിയെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ആവശ്യത്തിന് ബലമുള്ള ഈ പ്ലേറ്റ് വാങ്ങി ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചുവയ്ക്കാനുമാകും.

10 സെന്റീമീറ്റര്‍ വ്യാസമുള്ള ഒരു പ്ലേറ്റിന്റെ നിര്‍മാണച്ചെലവ് 1.5 മുതല്‍ 2 രൂപ വരെയാണ്.കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഇത്തരം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്റ്റര്‍ ഡോ. സി. അനന്തരാമകഷ്ണന്‍ പറഞ്ഞു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിലൂടെയുള്ള വായു മലിനീകരണം കുറയ്ക്കുന്നതിലും ഇത് ഗുണം ചെയ്യും. പ്ലാസ്റ്റിക്കിനെയും പേപ്പറിനെയും അപേക്ഷിച്ച് കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുകയും അസംസ്‌കൃത വസ്തുക്കളുടെ വിതരണം വഴി ഗ്രാമീണ ജനതയ്ക്ക് തൊഴില്‍ സൃഷ്ടിക്കാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.