മില്ലറ്റ് വര്‍ഷത്തിന് യോജിച്ച യന്ത്രങ്ങള്‍ എക്‌സ്‌പോയില്‍

Posted on: February 13, 2024

കൊച്ചി : മില്ലറ്റ് വര്‍ഷമായ 2024നു യോജിച്ച മെഷിനുകളാണ് മെഷിനറി എക്‌സ്‌പോയില്‍ കെ എം എസ് ഇന്ഡസ്ട്രീസിന്റെ സ്റ്റാളില്‍ ശ്രദ്ധേയം. ഏതിനം മില്ലറ്റും ഏതിനം ആവശ്യത്തിനും ഉപയോഗിക്കാനാകും വിധം പൊടിക്കാനാകുന്ന യന്ത്രങ്ങള്‍ ഇവിടെയുണ്ട്.

0.5 എച്ച്പി മുതല്‍ കുറഞ്ഞ വൈദ്യുതിയില്‍ സിംഗിള്‍ ഫേസില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക, വ്യാവസായിക ആവശ്യത്തിനുള്ള 80 ഇനം യന്ത്രങ്ങള്‍ ഇവിടെയുണ്ട്. എല്ലാം അഗ്രോ, ഫുഡ് പ്രോസസിംഗ് യന്ത്രങ്ങള്‍. വില പതിനയ്യായിരം രൂപമുതല്‍.

വിവിധ ആവശ്യങ്ങള്‍ക്കായുള്ള വ്യത്യസ്ത പൊടിക്കല്‍ യന്ത്രങ്ങള്‍, ജ്യൂസര്‍, ഷവര്‍മ മെഷീന്‍, സ്ലൈസറു കള്‍, വെജിറ്റബിള്‍ ചോപ്പറുകള്‍, ഐസ് ക്രഷറുകള്‍, ഉണക്കല്‍ യന്ത്രങ്ങള്‍, ഗ്രില്ലിംഗ് മെഷീനുകള്‍ തുടങ്ങി വിവിധ മെഷിനുകള്‍ കൈപ്പിടിയിലൊതുങ്ങുന്ന മുതല്‍മുടക്കില്‍ സ്വന്തമാക്കാനാകും.

രണ്ടു മിനിറ്റില്‍ 1000 തുന്നല്‍!

മിനിറ്റുകള്‍ക്കുള്ളില്‍ സുന്ദരമായ തുന്നല്‍ ചിത്രവേല ഒരുക്കുന്ന കംപ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി മെഷിന്‍ എക്‌സ്‌പോയില്‍ ശ്രദ്ധേയം. രണ്ടുമിനിറ്റില്‍ ആയിരം തുന്നലുകളാണ് അപ്പാരല്‍ സൊല്യൂഷന്‍സ് അവതരിപ്പിക്കുന്ന മെഷിന്‍ തീര്‍ക്കുന്നത്.

തുണിയില്‍ എംബ്രോയ്ഡറി ചെയ്യേണ്ട ചിത്രം മെഷീനിലെ കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്താല്‍ മതി. അത് അതേപടി യന്ത്രം തുണിയില്‍ തുന്നും. നാലര ലക്ഷം രൂപയാണ് മെഷീന് വില.

20,000 രൂപയ്ക്ക് ഇലക്ട്രിക്ക് ചക്ക്

വിവിധയിനം ഇലക്ട്രിക് എണ്ണയാട്ടു യന്ത്രങ്ങളെ അവതരിപ്പിച്ച് മെഷിനറി എക്‌സ്‌പോയില്‍ ആകര്‍ഷകം ഹാന്‍ഡി തിങ്ക് എഞ്ചിനീയറിംഗിന്റെ സ്റ്റാള്‍. കയ്യില്‍ കൊണ്ടുനടക്കാവുന്ന, വീട്ടാവശ്യത്തിനുള്ള മെഷിന്‍ മുതല്‍ വ്യാവസായിക ആവശ്യത്തിനുള്ള വലിയ യന്ത്രം വരെ ഇവിടെയുണ്ട്.

ചെറിയ യന്ത്രത്തില്‍ ഒരു മണിക്കൂര്‍ കൊണ്ട് രണ്ടു ലിറ്റര്‍ എണ്ണ ലഭിക്കും. വിലക്കിഴിവാണ് സ്റ്റാളിന്റെ മറ്റൊരു പ്രത്യേകത. 20,000 രൂപമുതല്‍ രണ്ടുലക്ഷം രൂപവരെയാണ് ഇലക്ട്രിക് ചക്കുകളുടെ വില. വ്യാവസായിക ആവശ്യത്തിനുള്ള യന്ത്രത്തിന് സബ്സിഡിക്കും യോഗ്യതയുണ്ട്.

കേവലം നൂറു സ്‌ക്വയര്‍ ഫീറ്റില്‍ കൊപ്ര ആട്ടാന്‍ പര്യാപ്തമായ യന്ത്രവുമായി തൃശൂര്‍ പുല്ലഴിയിലെ പ്യുവര്‍ ഓയില്‍ സ്റ്റേഷനും മെഷിനറി എക്‌സ്‌പോയില്‍ ശ്രദ്ധനേടുന്നു. സംരംഭം ആരംഭിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉള്‍പ്പെടുന്നതാണ് പ്യുവര്‍ ഓയില്‍ സ്റ്റേഷന്റെ പാക്കേജ്. കൊപ്ര ഡ്രയര്‍, കട്ടര്‍, ഇലക്ട്രിക് ചക്ക്, എണ്ണ സംഭരിക്കാന്‍ കണ്ടെയ്നര്‍, പിണ്ണാക്കിടാന്‍ സംഭരണി എന്നിവയെല്ലാം പാക്കേജില്‍ ഉള്‍പ്പെടുന്നു.

സിംഗിള്‍ ഫേസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെഷിന്‍ പാക്കേജിന് നാലുലക്ഷത്തില്‍ പരം രൂപയാണ് വില.