രാജ്യാന്തര ഊര്‍ജ മേള ഫെബ്രുവരി 7,8,9 തിയതികളില്‍ തിരുവനന്തപുരത്ത്

Posted on: January 27, 2024

തിരുവനന്തപുരം : എനര്‍ജി മാനെജ്‌മെന്റ് സെന്ററിന്റെ (ഇഎംസി) സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊര്‍ജ പരിവര്‍ത്തനം വിഷയമാക്കി ഫെബ്രുവരി 7,8,9 തിയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ രാജ്യാന്തര ഊര്‍ജ മേള സംഘടിപ്പിക്കുന്നു. കേരളത്തിലെ ഊര്‍ജ പരിവര്‍ത്തനം, ന്യൂക്ലിയര്‍ പവര്‍ സാധ്യതകള്‍, ബഹിരാകാശത്തെ ഊര്‍ജം, കാര്‍ബണ്‍ വമനം കുറഞ്ഞ കെട്ടിടങ്ങള്‍, ഇ-കുക്കിംഗ്, എനര്‍ജി സര്‍വീസ് കമ്പനികള്‍, സ്മാര്‍ട്ട് ഗ്രിഡുകളും സ്മാര്‍ട്ട് മീറ്ററുകളും തുടങ്ങിയ വിഷയങ്ങളില്‍ മേളയില്‍ചര്‍ച്ചകള്‍ നടക്കും.

തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ ഇഎംസിയും ഇഇഎസ്എല്ലും ചേര്‍ന്ന് നടപ്പിലാക്കിയ ഇ-സൈക്കിള്‍ പരിപാടിയുടെയും ആശുപത്രികളില്‍ ഇഎംസി നടത്തിവരുന്ന ചൈതന്യം പദ്ധതിയുടെയും റിപ്പോര്‍ട്ടുകളുടെ പ്രകാശനം, കേരളത്തില്‍ ഊര്‍ജ കാര്യക്ഷമതയുള്ള ശീതികരണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച ധാരണാപത്രം ഒപ്പിടല്‍ എന്നിവയും മേളയില്‍ നടക്കും. സംസ്ഥാന ഊര്‍ജ സംരക്ഷണ പുരസ്‌കാരങ്ങള്‍ മേളയില്‍ നല്‍കും.