സോളാര്‍ എ സി ഡബിള്‍ ഡക്കര്‍ബോട്ട് ഇന്ദ്ര പുതുവത്സര ദിനത്തില്‍ കൊച്ചി കായലില്‍ സര്‍വീസ് തുടങ്ങും

Posted on: December 28, 2023

കൊച്ചി : സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ (എസ് ഡബ്‌ള്യു ടി ഡി). പ്രീമിയം സോളാര്‍ എ സി ഡബിള്‍ ഡക്കര്‍ബോട്ട് ഇന്ദ്ര പുതുവത്സര ദിനത്തില്‍ കൊച്ചി കായലില്‍ സര്‍വീസ്തുടങ്ങും. തുടക്കത്തില്‍ ദിവസേനയുള്ള സര്‍വീസിന് പകരം ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് വകുപ്പ് തീരുമാനം. ജനുവരി ഒന്നിന് തന്നെ ബോട്ട് സര്‍വീസ് ആരംഭിക്കാനാണ് വകുപ്പ് തയാറെടുക്കുന്നത്. ഇന്ദ്രയുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി.

ഫോര്‍ട്ടുകൊച്ചി – എറണാകുളം റൂട്ടിലാണ് പരീക്ഷണ ഓട്ടം നടന്നത്. കൊച്ചിയിലെ വിവിധ ദ്വീപുകള്‍ ബന്ധിപ്പിച്ചുള്ള സര്‍വീസ് പുതുവര്‍ഷത്തില്‍ ആരംഭിക്കും.

എറണാകുളം ജെട്ടി, വൈപ്പിന്‍, ബോള്‍ഗാട്ടി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ഐലന്‍ഡ് എന്നിവിടങ്ങള്‍ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ പ്രീമിയംബോട്ട് സര്‍വീസ് ആരംഭിക്കുന്നത്.