കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമായി ബയര്‍ സെല്ലര്‍ സംഗമം

Posted on: December 16, 2023

കൊച്ചി : ചെറുധാന്യങ്ങള്‍ (മില്ലറ്റ്) ഉള്‍പ്പെടെയുള്ള ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലെത്തിക്കാന്‍ ബയര്‍-സെല്ലര്‍ സംഗമം. കൊച്ചിയില്‍ ഡിസംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന മില്ലറ്റ്-മീന്‍ പ്രദര്‍ശന ഭക്ഷ്യമേളയില്‍ നടക്കുന്ന ബയര്‍-സെല്ലര്‍ സംഗമത്തിന് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍, കര്‍ഷക ഉത്പാദന കമ്പനികള്‍, സ്വയം സഹായക സംഘങ്ങള്‍, സംരംഭകര്‍ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ നേരിട്ടെത്തും. ഇവരുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടാനും വ്യാപാരബന്ധമുണ്ടാക്കാനും അവസരമുണ്ടാകും.

ചെറുധാന്യങ്ങളുടെ പോഷക-ആരോഗ്യ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ഉത്പാദകരില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചെറുധാന്യങ്ങള്‍ക്ക് കേരളത്തില്‍ വിപണിയൊരുക്കകയുമാണ് ലക്ഷ്യം. കേരളത്തിലെ സംരംഭകരുടേതുള്‍പ്പടെയുള്ള ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയില്‍ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങളും ബയര്‍-സെല്ലര്‍ സംഗമത്തിലുണ്ടാകും. കൂടാതെ, മീനുകളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും സുഗന്ധ-വ്യജ്ഞന ഉത്പന്നങ്ങളുമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചും അവയുടെ കീഴിലുള്ള കര്‍ഷക ഉത്പാദന കമ്പനികളും സംരംഭകരും സംഗമത്തിനെത്തും.

ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനും വ്യാപാര ബന്ധം തുടങ്ങാനും താല്‍പര്യമുള്ള ഉപഭോക്താക്കള്‍, വ്യാപാരികള്‍, മൊത്തകച്ചവടക്കാര്‍, സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് സംഗമം പ്രയോജനപ്പെടും.

ബയര്‍-സെല്ലര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍, സംരംഭകര്‍, ഉല്‍പാദക കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-9496303457.