ഗ്ലോബല്‍ മാരിടൈം സമ്മിറ്റ് : സ്‌പെഷ്യല്‍ സെഷന്‍ വിത്ത് കേരള

Posted on: October 19, 2023

മുംബൈ : കേരളത്തിന്റ്റെ മാരിടൈം മേഖലയുടെ വികസനത്തിനായി ബഹുമുഖ തന്ത്രങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണെന്നും തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

മുംബൈയില്‍ നടക്കുന്ന ആഗോള മാരിടൈം ഉച്ചകോടിയിലെ കേരള സെഷനില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരിന്നു മന്ത്രി. ഉച്ചകോടിയിലെ രണ്ടാം ദിവസത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു കേരള സെഷന്‍.

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വിപണിസാധ്യത തേടാനും മാരിടൈം, ടൂറിസം, ഫിഷറീസ്, വാണിജ്യം, വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ ബോധ്യപെടുത്താനുമാണ് ഈ സെഷന്‍ ബന്ധപ്പെട്ടവര്‍ ഉപയോഗപ്പെടുത്തിയത്.

കേരളത്തിന്റ്റെ മാരിടൈം ആസ്തികള്‍ വികസിപ്പിക്കുന്നതിനും ചരക്ക് നീക്കവും യാത്രക്കാരുടെ നീക്കവും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനും തീരദേശ, ബീച്ച് ടൂറിസം, സമുദ്ര വിദ്യാഭ്യാസ മേഖലകള്‍, മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണ മേഖലകള്‍, തുറമുഖങ്ങളുടെ വികസനവും പ്രവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിനും ആഗോള പങ്കാളികളുമായി കൈകോര്‍ക്കാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വൃക്തമാക്കി.

സംസ്ഥാനം നിലവില്‍ പരിവര്‍ത്തന ഘട്ടത്തിലാണെന്നും വിജ്ഞാനാധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കേരളത്തെ മാരിടൈം വിദ്യാഭ്യാസത്തിന്റ്റെയും പരിശീലനത്തിന്റ്റെയും ഗവേഷണത്തിന്റ്റെയും കേന്ദ്രമാക്കി മാറ്റാനാണ് കേരള സര്‍ക്കാരും, കേരള മാരിടൈം ബോര്‍ഡും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപകര്‍ക്ക് വളരെ നല്ല അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് ചടങ്ങില്‍ സഹ-അധ്യക്ഷനായ ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റ്റെ അനന്തസാധ്യതകളെ പറ്റി വിശദീകരിച്ചത് അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോര്‍ട്‌സ് ) സുബ്രത തൃപാഠിയാണ്. നിലവില്‍ ഇന്ത്യയുടെ ട്രാന്‍സ്ഷിപ്‌മെന്റ് ചരക്കുകളുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. എന്നാല്‍ ഒരു ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ ഫോറെക്‌സ് സമ്പാദ്യം, നേരിട്ടുള്ള വിദേശ നിക്ഷേപം, മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലെ വര്‍ദ്ധിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, അനുബന്ധ ലോജിസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പ്രവര്‍ത്തന / ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തല്‍, വരുമാന വിഹിതം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ഗണ്യമായ നേട്ടങ്ങള്‍ സംഭവിക്കുന്നതായി സുബ്രത തൃപാഠി വ്യക്തമാക്കി.

അടുത്ത ആറ് -എട്ട് മാസങ്ങള്‍ക്കുളില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ചരക്കു കപ്പല്‍ എത്തുമെന്നും അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോര്‍ട്‌സ് ) പറഞ്ഞു. ചടങ്ങില്‍ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ്. ശ്രീനിവാസ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട് ലിമിറ്റഡ് സിഇഒ ഡോ.അദീല അബ്ദുള്ള, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, ആഗോളനിക്ഷേപകര്‍, ഇന്ത്യയിലെയും വിദേശത്തെയുമുള്‍പ്പെടെ കപ്പല്‍ കമ്പനി പ്രതിനിധികള്‍, തുറമുഖ കമ്പനി സി.ഇ.ഒ.മാര്‍, മാരിടൈം വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.