സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് തിരുവനന്തപുരത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്

Posted on: October 18, 2023

കൊച്ചി : ദക്ഷിണേഷ്യന്‍ ടൂറിസംരംഗത്തെ മികച്ച ഡെസ്റ്റിനേഷന്‍ പ്രൊമോഷനുള്ള 2023-ലെ സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് തിരുവനന്തപുരത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്. കരകൗശലകലാകാരര്‍ക്ക് ഉപജീവനം ഒരുക്കാനും കേരളീയകരകൗശലപാരമ്പര്യം സംരക്ഷിക്കാനും ടൂറിസത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ക്രാഫ്റ്റ്‌സ് വില്ലേജിനെ വിനോദസഞ്ചാരികളിലേക്ക് എത്തിക്കാന്‍ രണ്ടരക്കൊല്ലം നടത്തിയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്.

തെക്കനേഷ്യയിലെ ഏറ്റവും വിലപ്പെട്ട പുരസ്‌ക്കാരമാണ് സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ്. ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം ടൂറിസം വ്യവസായത്തിലെ പ്രാമാണികര്‍ സമ്മേളിച്ച വേദിയില്‍ പുരസ്‌ക്കാരം സമ്മാനിച്ചു. ക്രാഫ്റ്റ്‌സ് വില്ലേജ് സിഒഒ റ്റി. യു. ശ്രീപ്രസാദ് ഏറ്റുവാങ്ങി ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ‘വില്ലേജ് ഓഫ് ദ് ഇയര്‍’ ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് അവാര്‍ഡും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന് ലഭിച്ചിരുന്നു. ക്രാഫ്റ്റ്‌സ് വില്ലേജിന്റെ രാജ്യാന്തരടൂറിസംസാദ്ധ്യതകള്‍ വിപുലപ്പെടുത്തുന്നതാണീ അവാര്‍ഡ്.

ടൂറിസം പ്രയോജനപ്പെടുത്തി കരകൗശലരംഗം സംരക്ഷിക്കാനും കലാകാരര്‍ക്ക് ഉപജീവനം ഒരുക്കാനുമായി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിപ്രകാരം ടൂറിസം വകുപ്പ് പാട്ടത്തിനു അനുവദിച്ച സ്ഥലത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ചു നടത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരം – കോവളം ദേശീയപാതയില്‍ വെള്ളാറിലുള്ള കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്.

ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരില്‍നിന്ന് അവരുടെ പ്രതീക്ഷയ്ക്കും അപ്പുറം പോയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവയില്‍നിന്നു വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ ജൂറിക്കു മുന്നില്‍ നടത്തിയ അവതരണത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

ഡിസംബര്‍, ജനുവരി മാസങ്ങളുടെ സംഗമദിനത്തില്‍ പുതുവര്‍ഷത്തെ വരവേറ്റും മുന്‍വര്‍ഷത്തെ യാത്രയാക്കിയും ആഘോഷിക്കുന്ന എപ്പിലോഗ്, ഫെബ്രുവരിയില്‍ വാലന്റൈസന്‍സ് ഡേയിലെ ‘ഡൈന്‍ അണ്ടര്‍ ദ് സ്റ്റാഴ്‌സ്’, മാര്‍ച്ചിലെ ‘വേള്‍ഡ് ഓഫ് വിമെന്‍ – വൗ’ (WoW) വിമെന്‍ വീക്ക്, ഏപ്രിലിലെ വിഷുക്കണി, ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കരകൗശല, നെയ്ത്ത് തൊഴിലാളികള്‍ക്ക് ഓണം ഒരുക്കാന്‍ നടത്തുന്ന ഗിഫ്റ്റ് അ ട്രഡിഷന്‍, ഓഗസ്റ്റിലെ പരിസ്ഥിതിസുഹൃദ കൈത്തറി ഫാഷന്‍ ഷോ ‘എന്‍വാഷന്‍’, ഒക്‌റ്റോബറിലെ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍, നവംബറിലെ ഇന്റര്‍നാഷണല്‍ ഇന്‍ഡിപ്പെന്‍ഡന്റ് (ഇന്‍ഡീ) മ്യൂസിക് ഫെസ്റ്റിവല്‍ (IIMF), നവംബര്‍ 14-ലെ ‘അപ്പൂപ്പന്‍താടി’, എന്നിങ്ങനെയുള്ള വിശേഷാല്‍ പരിപാടികളും അവ സംഘടിപ്പിച്ചതിലെ മികവും ആണ് ക്രാഫ്റ്റ്‌സ് വില്ലേജിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.