കേരളത്തിന്റെ സ്വന്തം ഈ ഓട്ടോകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക്; വിതരണം ആരെന്‍ഖിന്

Posted on: July 17, 2023

കൊച്ചി : ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളുടെ നിരത്തുകളില്‍ കേരള സര്‍ക്കാര്‍ പൊതുമേഖലാ വാഹന നിര്‍മ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ 100 ഇ ഓട്ടോകള്‍ വിതരണം ചെയ്യുന്നതിനായി ആരെന്‍ഖ് ഓര്‍ഡര്‍ നല്‍കി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിലവില്‍ ആരെന്‍ഖ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ആരെന്‍ഖുമായുള്ള കെ എ എല്ലിന്റെ ധാരണാ പത്രത്തിന്റെ പുറത്താണ് ഇ ഓട്ടോകള്‍ വിതരണം ചെയ്യുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ നിരത്തിലും വൈകാതെ കെ എ എല്ലിന്റെ ഇ ഓട്ടോകള്‍ ഓടിക്കാന്‍ സാധിക്കുമെന്നാണ് ആരെന്‍ഖിന്റെ പ്രതീക്ഷ. ഈ സംസ്ഥാനങ്ങളുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ആരെന്‍ഖ്. അനുമതി കിട്ടുന്നതോടെ ആരെന്‍ഖിന്റെ ബാറ്ററികളുമായി കെ എ എല്ലിന്റെ ഇ ഓട്ടോകള്‍ ഈ സംസ്ഥാനങ്ങളിലും ഓടിത്തുടങ്ങും.

പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ആരെന്‍ഖ് ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍, മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ എന്നിവ ആരെന്‍ഖ് ആണ് കെഎഎല്ലിന് നല്‍കുന്നത്. ആരെന്‍ഖിന്റെ മാതൃ കമ്പനിയായ സണ്‍ലിറ്റ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിര്‍മ്മാണ ഫാക്ടറിയാണ് പൂനെയില്‍ ഉടന്‍ ആരംഭിക്കുന്നത്. കെഎഎല്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സര്‍വീസ് നടത്തുന്നതും ആരെന്‍ഖ് ആണ്. ഇന്ത്യയിലുടനീളം കെഎഎല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

യുപിഎസ്, സോളാര്‍ ബാറ്ററി നിര്‍മ്മാണത്തില്‍ പ്രധാനികളായ ആരെന്‍ഖ് ഇലക്ട്രിക്ക് ബാറ്ററികളുടെ നിര്‍മ്മാണ-വിതരണത്തിലേക്ക് തിരിഞ്ഞ് ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ലൂക്കാസ് ടിവിഎസ്സില്‍ നിന്ന് ഇലക്ട്രിക്ക് ബൈക്ക്, ഓട്ടോ, പിക്കപ്പ് വാന്‍ എന്നിവയ്ക്ക് വേണ്ടി 1 മുതല്‍ 15 കിലോ വാട്ട് വരെ ശേഷിയുള്ള മോട്ടോറുകള്‍, കണ്‍ട്രോളറുകള്‍ എന്നിവ വിതരണം ചെയ്യുവാനും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തുടക്കത്തില്‍ ഒരു വര്‍ഷം അന്‍പതിനായിരം യൂണിറ്റുകള്‍ വില്‍ക്കാനാണ് പദ്ധതി. കൂടാതെ ടെക്നോളജി മുന്‍നിര കമ്പനിയായ ആര്‍ഡിഎല്‍ ടെക്നോളജീസുമായി സഹകരിച്ച് ബാറ്ററി മാനേജ്മന്റ് സിസ്റ്റത്തില്‍ നിന്ന് വിവരങ്ങള്‍ ക്‌ളൗഡ് സെര്‍വറിലേക്ക് ശേഖരിച്ച് വിശകലനം ചെയ്യുന്ന പദ്ധതിയും ആരെന്‍ഖ് നടപ്പാക്കി വരുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹന വിപണയില്‍ വലിയ മാറ്റം കൊണ്ടുവരുന്നതാണ് ആരെന്‍ഖിന്റെ പദ്ധതികള്‍.

TAGS: Arenq |