കേരളത്തിലെ 18 നഗരങ്ങളില്‍ സേവനം ക്രെഡായ് സംരംഭമായ സി.സി.സി. മാലിന്യ നിര്‍മാര്‍ജനത്തില്‍ മുന്നില്‍

Posted on: April 4, 2023

കൊച്ചി : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴിലുള്ള ശുചിത്വ മിഷന്റെ അംഗീകൃത സേവന ദാതാക്കളായ സി.സി.സി. സീറോ വെയ്സ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ( CCC zero waste pvt Ltd) കേരളത്തിലെ പ്രധാനപ്പെട്ട വെയ്സ്റ്റ് മാനേജ്‌മെന്റ് ഏജന്‍സിയാണ്. കെഡായ് സംരംഭമായ കമ്പനി കെ.ഇ.ഐ.എല്ലുമായി ചേര്‍ന്ന് ബയോ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനത്തിലും സഹകരിക്കുന്നു.

ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ വികേന്ദ്രീകൃത ഉറവിട മാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രോല്‍സാഹിപ്പിക്കുന്നു. സംസ്ഥാനത്ത് വിപുലമായ തോതില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം നടത്തുന്ന കമ്പനി 550 ലേറെ അപാര്‍ട്ടുമെന്റുകള്‍ക്ക് സേവനം നല്‍കുന്നു. കൊച്ചി നഗര പരിസരത്തുള്ള മുനിസിപ്പല്‍ – പഞ്ചായത്ത് പ്രദേശങ്ങളില്‍ മുന്നൂറോളവും കോര്‍പറേഷന്‍ പരിധിയിലുള്ള 120 അപാര്‍ട്ടുമെന്റുകള്‍ക്കും സി.സി.സി യുടെ സേവനമുണ്ട്. ഏകദേശം 29818 വീടുകളും ഗുണഭോക്താക്കളാണ്. കേരളത്തിലെ 18 നഗരങ്ങളില്‍ കമ്പനിയുടെ സേവനം എത്തുന്നുണ്ട്.

മുന്നൂറു ടണ്‍ ജൈവാവശിഷ്ടവും 50 ടണ്‍ അജൈവാവശിഷ്ടവും കമ്പനി പ്രതിമാസം കൈകാര്യം ചെയ്യുന്നുണ്ട്. മാലിന്യം വേര്‍തിരിക്കാന്‍ മൂന്നു നിറങ്ങളിലുള്ള ബക്കറ്റുകളാണ് ഉപയോഗിക്കുന്നത്. അടുക്കള / ഭക്ഷ്യാവശിഷ്ടങ്ങള്‍ക്ക് പച്ച, അജൈവ മാലിന്യങ്ങള്‍ക്ക് നീല, ബയോ മെഡിക്കല്‍ മാലിന്യത്തിന് ചുവപ്പ്.

ഭക്ഷ്യ അവശിഷ്ടങ്ങള്‍ എക്കോ കമ്പോസ്റ്റര്‍ ബിന്നുകളില്‍ നിക്ഷേപിച്ച് ഓര്‍ഗാനിക് കമ്പോസ്റ്റാക്കി മാറ്റുന്നു. 30 ദിവസം ഈ പ്രക്രിയയ്ക്ക് വേണ്ടി വരും. ഈ കമ്പോസ്റ്റ് ലാന്റ്‌സ്‌കേപ്പിംഗ്, പൂന്തോട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 30 – 40 ഫ്‌ലാറ്റുകള്‍ക്ക് ഒരു എക്കോ കമ്പോസ്റ്റര്‍ ബിന്‍ മതിയാകും. കമ്പനിയുടെ ഓട്ടോ മാറ്റിക് ഓര്‍ഗാനിക് വെയ്സ്റ്റ് കണ്‍വെര്‍ട്ടര്‍ മാലിന്യം വളമാക്കി മാറ്റാന്‍ ശേഷിയുള്ളതാണ്. കമ്പനിയുടെ സൂപ്പര്‍വൈസര്‍മാര്‍ അപാര്‍ട്ടുമെന്റുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്താറുണ്ട്. ഈ പ്രക്രിയ സൂപ്പര്‍വൈസര്‍മാര്‍ കൃത്യമായി നിരീക്ഷിക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് റിസൈക്ലിംഗിന് വിധേയമാക്കും. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള 835 സ്ത്രീകള്‍ക്ക് കമ്പനി തൊഴില്‍ നല്‍കുന്നു. നാമമാത്രമായ ഫീസാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കമ്പനി അപാര്‍ട്ടുമെന്റുകളില്‍ നിന്ന് ഈടാക്കുന്നത്. സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനമാണ് കമ്പനിയുടെ മുഖ്യ ലക്ഷ്യം.

www.ccczerowaste.com or email:[email protected]