ജിആര്‍എസ്ഇയും കെഇഎല്‍ ഉം വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

Posted on: March 6, 2023

തിരുവനന്തപുരം : അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയറിംഗ് ലിമിറ്റഡും (ജിആര്‍എസ്ഇ)സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡും (കെഇഎല്‍) തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യന്‍ നാവിക സേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും വേണ്ടി യുദ്ധക്കപ്പലുകളും മറ്റ് കപ്പലുകളും നിര്‍മിക്കുന്നതില്‍ പ്രധാന പങ്കാണ് ജിആര്‍എസ്ഇവഹിച്ചുകൊണ്ടിരിക്കുന്നത്. കപ്പലുകള്‍ക്കാവശ്യമായ പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ബ്രിഡ്ജുകള്‍, വിവിധ ഡെക്ക് മെഷിനറിഉത്പന്നങ്ങള്‍ എന്നിവയും നിര്‍മിക്കുന്ന ജിആര്‍എസ്ഇയുമായി കെഇഎല്‍ ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രം പ്രകാരംകാര്‍ബണ്‍ ഫൈബര്‍ കോംപോസിറ്റ് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞ ബെയ്‌ലി പാലങ്ങള്‍ കേരളം നിര്‍മിച്ചുനല്‍കും.

ട്രാന്‍സ്‌ഫോര്‍മറുകള്‍, ആള്‍ട്ടര്‍നേറ്ററുകള്‍, സസ്‌പെന്‍ഷന്‍ ബ്രിഡ്ജുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ സ്‌പെസിഫിക്കേഷന്‍ പ്രകാരം നിര്‍മിച്ചു നല്‍കാനും ധാരണയായിട്ടുണ്ട്. നിയമ മന്ത്രി പി, രാജീവിന്റെസാന്നിധ്യത്തില്‍, ജിആര്‍എസ്ഇ സിഎംഡി പി.ആര്‍. ഹരി, ഐഎന്‍ (റിട്ട) കെല്‍ മാനേജിംഗ് ഡയറക്റ്റര്‍ കേണല്‍ ഷാജിഎം. വര്‍ഗീസ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമവും ലാഭകരവുമാക്കി മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് ഊര്‍ജം നല്‍കുന്നതാണ് ഈ ധാരണാപത്രമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.