അസാപ് കേരളയുടെ പത്താമത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നംകുളത്ത്

Posted on: January 21, 2023

തൃശ്ശൂര്‍ : അസാപ് കേരളയുടെ തൃശ്ശൂര്‍ ജില്ലയിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഇന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിനു സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് 3 മണിക്ക്
കുന്നംകുളം ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചാണ് ചടങ്ങു നടക്കുക. എ.സി. മൊയ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

ജനങ്ങളുടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങളും ഉറപ്പ് വരുത്തുന്നതിനും വേണ്ടി വിഭാവനം ചെയ്തിട്ടുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ സംസ്ഥാനത്തെ 10 ആമത്തെ പാര്‍ക്കാണ് കുന്നംകുളത്ത് ആരംഭിക്കുന്നത്. ഇറാം സ്‌കില്‍സ് അക്കാദമിയാണ് സ്‌കില്‍ പാര്‍ക്കിന്റെ നടത്തിപ്പ് പങ്കാളി. മൂന്ന് നിലകളിലായി അന്താരാഷ്ട്ര നിലവാരത്തില്‍ ഏതു മേഖലയിലുള്ള പരിശീലന കോഴ്‌സും നടത്തുവാന്‍ പര്യാപ്തമായ സ്‌കില്‍ പാര്‍ക്കില്‍ ഒരേക്കര്‍ ഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബ് സൗകര്യങ്ങളും ഉള്ള സ്‌കില്‍ പാര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലോക്കര്‍ സൗകര്യമുള്ള ചെയ്ഞ്ചിംഗ് റൂമുകള്‍, മീറ്റിംഗ് റൂമുകള്‍, പ്രത്യേക സെര്‍വര്‍ റൂമോട് കൂടിയ ഐ ടി ലാബ്, 56350 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, മഴവെള്ളം പുനരുപയോഗിക്കാന്‍ ഫില്‍റ്റര്‍ സംവിധാനം, ഈ വി ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സൗഹൃദപരമായ രീതിയിലാണ് സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മ്മാണം.

ആദ്യ ഘട്ടത്തില്‍ വിദേശത്തു ഏറെ തോഡില്‍ സാധ്യതയുള്ള സര്‍ട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റന്റ്, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്മന്റ്, ഫിറ്റ്‌നസ് ട്രെയ്‌നര്‍, ജിഎസ്ടി യൂസിംഗ് ടാലി എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ സോളാര്‍ ടെക്‌നിഷ്യന്‍, പ്രിന്റ് ടെക്‌നോളജി, ഓട്ടോമോട്ടീവ് ടെക്‌നോളജി എന്നീ കോഴ്‌സുകളും സമീപഭാവിയില്‍ ആരംഭിക്കും. തിരഞ്ഞെടുത്ത കോഴ്‌സുകളിലേക്ക് സ്‌കോളര്‍ഷിപ് സ്‌കീം, സ്‌കില്‍ ലോണ്‍, ഇന്‍സ്റ്റാള്‍മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.