ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ മുഖശ്രീയായി ‘കുടുംബശ്രീ’

Posted on: December 31, 2022

ബേക്കല്‍ : കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ബേക്കല്‍ ബീച്ച് ഫെസ്റ്റിവെലിന്റെ മുഖമുദ്രയാകുന്നു. മികച്ച സംഘാടനംകൊണ്ട് മേളകള്‍ വിജയിപ്പിച്ചു പാരമ്പര്യമുള്ള ഈ സ്ത്രീകുട്ടായ്മ ബീച്ച് ഫെസ്റ്റിവെലിലും വിജയഗാഥ രചിക്കുകയാണ്. സ്റ്റാളുകളും വേദികളും യാത്രാ സൗകര്യങ്ങളുമൊക്കെ ഒരുക്കി ഫെസ്റ്റിവലിനെ കൂടുതല്‍ ജനകീയമാക്കുന്ന കുടുംബശ്രീ, മേളയുടെ പ്രധാന സംഘടകരാണ്. ഫെസ്റ്റിവല്‍ ഭൂമികയില്‍ എത്തുന്ന ഏതൊരാള്‍ക്കും കുടുംബശ്രീയുടെ സേവനം ലഭ്യമാകും. ജില്ലയിലെ മുഴുവന്‍ അംഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തി മേള വന്‍ വിജയമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സ്ത്രീ ശാക്തീകരണത്തിനുമപ്പുറം ഇത്തരം മേളകള്‍ ഏറ്റെടുത്ത് നടത്തി വിവിധ മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാനും കുടുംബശ്രീ ലക്ഷ്യംവെക്കുന്നു.

മേളയുടെ ടിക്കറ്റ് വില്പ്പന കുടുംബശ്രീ മുഖാന്തിരമാണ് നടത്തുന്നത്. ഇതിനായി ജില്ലയിലെ 12480 അയല്‍ക്കൂട്ടങ്ങളിലെ 195000 അംഗങ്ങളുടെ സേവനം ലഭ്യമാക്കി, പ്രദേശത്തെ ഓരോ കുടുംബങ്ങളിലും ടിക്കറ്റ് വില്പ്പന ഉറപ്പുവരുത്തുന്നു. ഏറ്റവുമധികം ടിക്കറ്റ് വില്പ്പന നടത്തിയ അംഗത്തെ ഉപഹാരം നല്‍കി ആദരിക്കും. കൂടാതെ, മേളയില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകള്‍ വഴി കുടുംബശ്രീ ഉല്പ്പന്നങ്ങളുടെ വിപണനവും നടക്കുന്നുണ്ട്. കരകൗശല വസ്തുക്കള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഫാന്‍സി വസ്തുക്കള്‍ തുടങ്ങിയവയാണ് കുടുംബശ്രീ സ്റ്റാളുകളിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഫെസ്റ്റിവെലിന്റെ രണ്ടാം വേദിക്കു സമീപമാണ് സ്റ്റാളുകളും പവലിയനുകളും സജ്ജീകരിച്ചിരിക്കുന്നത്.

മേളയിലെ പ്രധാന വേദികളിലൊന്ന് കുടുംബശ്രീയുടേതാണ്. ഈ വേദിയില്‍ അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. തിരുവാതിര, മോണോ ആക്ട്, മോഹിനിയാട്ടം എന്നിവയോടൊപ്പം കാസര്‍കോടിന്റെ തനിമ വിളിച്ചോതുന്ന തുടിപ്പാട്ട്, മംഗലംകളി, കൈകൊട്ടിക്കളി, കൃഷ്ണലീല, കോല്‍ക്കളി, പൂരക്കളി തുടങ്ങിയവയും കുടുംബശ്രീയുടെ ഈ വേദിയില്‍ കാണാം. കോവിഡ് മൂലം വേദികളും അവസരങ്ങളും നഷ്ടപ്പെട്ട കലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ പൂര്‍ത്തീകരിക്കുന്നത്. ബീച്ച് ഫെസ്റ്റിലെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും കാസര്‍കോഡിന്റെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം ജനങ്ങള്‍ മേളയില്‍ എത്തിയത് ക്രമസമാധാനം നില നിര്‍ത്താന്‍ സഹായിച്ചു. ടിക്കറ്റ് വില്പനയിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരും മേള വിജയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു എന്ന് കാസര്‍ഗോഡ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി പറഞ്ഞു.

കോവിഡാനന്തര ടൂറിസം രംഗത്തേക്കുള്ള കുടുംബശ്രീയുടെ കടന്നുവരവ് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഇതിനായി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ആദ്യ ഘട്ടമെന്നോണം വിദഗ്ദ്ധ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിനായി യാത്രാശ്രീ എന്ന പദ്ധതി ആരംഭിച്ചു.

ജില്ലാ മിഷന്റെയും ബി ആര്‍ ഡി സിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അവരെ മികച്ച ടൂറിസ്റ്റ് ഗൈഡുകളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബേക്കല്‍ ബീച്ച് ഫെസ്റ്റിവെലിന്റെ ഭാഗമായി ചെറുവത്തൂര്‍, പൈവളിഗേ, മഞ്ചേശ്വരം, മുള്ളേരിയ തുടങ്ങിയവ സ്ഥലങ്ങളില്‍നിന്നുമുള്ള ആളുകള്‍ക്ക് യാത്രാശ്രീയുടെ സേവനം ഉപയോഗപ്പെടുത്താം.