കൊച്ചിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ വനിതാമിത്ര കേന്ദ്രം തുറന്നു

Posted on: December 23, 2022

കൊച്ചി : സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കുന്ന വനിതാമിത്ര കേന്ദ്രം തുറന്നു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കാക്കനാട് കുന്നുംപുറത്ത് നിര്‍മിച്ച കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ ഒപ്പംനിര്‍ത്താന്‍ വനിതാമിത്ര കേന്ദ്രത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനിതാവികസനകോര്‍പറേഷന്‍ നല്‍കുന്ന വായ്പകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ അധ്യക്ഷയായി. കൗണ്‍സിലര്‍ റാഷിദ് ഉള്ളമ്പള്ളി, വനിതാവികസന കോര്‍പറേഷന്‍ എംഡി വി സി ബിന്ദു, റീജണല്‍ മാനേജര്‍എം ആര്‍ രംഗന്‍, ഡയറക്ടര്‍മാരായ ടി വി അനിത, പെണ്ണമ്മ തോമസ്, ആര്‍ ഗിരിജ, എം ഡി ഗ്രേസ്, ഷീബ ലിയോണ്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍, കെല്‍ ജനറല്‍ മാനേജര്‍ ഇ വി ഇന്ദ്രന്‍ തുടങ്ങിയവര്‍പങ്കെടുത്തു.

കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് എട്ടുകോടിയോളം രൂപ ചിലവിട്ട് കേന്ദ്രം നിര്‍മിച്ചത്. 130 സ്ത്രീകള്‍ക്ക് താമസിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ്‌നിര്‍മാണം. ഭക്ഷണവിതരണം സംവിധാനവും സൗജ്ജം, ജോലി, പാനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്നവര്‍ക്ക് കേന്ദ്രം പ്രയോജനമാകും. വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും ഉപയോഗപ്പെടുത്താം. കേന്ദ്രങ്ങളിലെ താമസം സേഫ് സ്റ്റേ’ ആപ്പിലൂടെ ബുക്ക്‌ചെയ്യാം. വനിതാ വികസന കോര്‍പറേഷനുകീഴിലുള്ള ഒമ്പത് വനിതാമിത്ര കേന്ദ്രങ്ങളുടെയും കോര്‍പറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് ഹോസ്റ്റലുകളുടെയും വിവരങ്ങളും ആപ്പില്‍ ലഭിക്കും. www.safestaykswdc.com എന്ന പോര്‍ട്ടലിലും മുറികള്‍ ബുക്ക് ചെയ്യാം.