ടിവിഎം ആന്‍ഡ് കണക്റ്റിവിറ്റി’ ഉച്ചകോടി ഇന്ന്

Posted on: September 2, 2022

തിരുവനന്തപുരം : തെക്കന്‍ കേരളത്തെയും തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളെയും കേന്ദ്രീകരിച്ച് ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ടിസിസിഐ) നേതൃത്വത്തില്‍ ‘ടിവിഎം ആന്‍ഡ് കണക്റ്റിവിറ്റി’ ഉച്ചകോടി ഇന്ന് നടക്കും. ഹോട്ടല്‍ ഒ ബൈ താമരയില്‍ രണ്ടു മണിക്കാണ് പരിപാടി. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനകമ്പനികളുടെ സിഇഒമാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

തിരുവനന്തപുരത്തിനും പുറത്തേക്കുമുള്ള വ്യോമയാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഡോ. ശശി തരൂര്‍ എംപി അധ്യക്ഷനായിരിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ട്രിവാന്‍ഡ്രം അജണ്ട ടാസ്‌ക് ഫോഴ്‌സ് (ടിഎടിഎഫ്), എവേക്ക് ട്രിവാന്‍ഡ്രം എന്നിവ സംയുക്തമായാണ് ഉച്ചകോടിസംഘടിപ്പിക്കുന്നത്. വന്‍കിട അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടക്കുന്ന ദക്ഷിണേന്ത്യ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ദ്രുതഗതിയില്‍ മാറുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയിലാണ് ഉച്ചകോടി ശ്രദ്ധ വയ്ക്കുന്നതെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു.

ടെക്‌നോപാര്‍ക്കിന്റെ അടുത്തഘട്ട വികസനം, 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ (ഒജിസി), വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നിയ ലൈഫ് സയന്‍സസ് പാര്‍ക്ക്, അന്താരാഷ്ട്ര വൈ
റോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ലുലുമാള്‍, ടോറപോലുള്ള വമ്പന്‍ സ്ഥാപനങ്ങള്‍, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേക്ക് കാര്യക്ഷമമായ വ്യോമയാനസൗകര്യം അത്യന്താപേക്ഷിതമാണന്ന് ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിമാര്‍, എംപി മാര്‍, ഉന്നതോദ്യോഗസ്ഥര്‍, വാണിജ്യമേഖലയിലെ നേതൃനിര, വ്യവസായ സംഘടനകള്‍, പൗരപ്രമുഖര്‍ മുതലായവര്‍ ഉച്ചകോടിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് വിസ്താര, ജെറ്റ് എയര്‍വേസ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ദുബായ്, എയര്‍ ഏഷ്യ, ലുഫ്താന്‍സഎന്നിവയുള്‍പ്പെടെ 30ലധികം എയര്‍ലൈനുകളുടെ ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ പങ്കെടുക്കും.