കോഗ്‌നിസന്റ് കൊച്ചിയിലെ നവേദ കാമ്പസിന്റെ വികസന പ്രഖ്യാപനം നടത്തി

Posted on: July 30, 2022

കൊച്ചി : കോഗ്‌നിസന്റിന്റെ കൊച്ചിയിലെ കാമ്പസിലെ പുതിയ വികസന പദ്ധതികള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിയമ, വ്യവസായ മന്ത്രി ശ്രീ. പി രാജീവ്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. കൊച്ചി ഇന്‍ഫോപാര്‍ക്കിലുള്ള കോഗ്‌നിസന്റിന്റെ കൊച്ചിന്‍ നവേദ കാമ്പസിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കേരളത്തിലെ വിവര സാങ്കേതികവിദ്യാ രംഗം ഗണ്യമായ വളര്‍ച്ചയാണ് നേടിയിട്ടുള്ളതെന്നും ഇന്ന് ഈ മേഖല സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ സൃഷ്ടാക്കളില്‍ ഒന്നാണെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞു. പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ നോളെജ് സമ്പദ്ഘടനയ്ക്ക് സംഭാവനകള്‍ നല്‍കുന്നതിനും കോഗ്‌നിസന്റിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോഗ്‌നിസന്റിന്റെ കൊച്ചിയിലെ സാന്നിധ്യം വിപുലമാക്കുന്നതിലും പുതിയ തൊഴിലുകളും അവസരങ്ങളും ലഭ്യമാക്കുന്നതിലും അഭിമാനമുണ്ടെന്ന് കോഗ്‌നിസന്റ് ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാേജഷ് നമ്പ്യാര്‍ പറഞ്ഞു. ഈ നഗരവുമായും കേരളത്തിലെ ജനങ്ങളുമായും ഉള്ള തങ്ങളുടെ 15 വര്‍ഷത്തെ പങ്കാളിത്തം ഗണ്യമായി വര്‍ധിപ്പിക്കുന്നതിലും അഭിമാനമുണ്ട്. കഴിവുകള്‍, ഡിജിറ്റല്‍ ശേഷി മെച്ചപ്പെടുത്തല്‍, നാളേക്കായുള്ള നേതാക്കളെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവ ഈ മേഖലയിലേക്കു മാത്രമായി ഒതുങ്ങുന്നതല്ല. കൊച്ചി കാമ്പസിന്റെ ഇന്നത്തെ പുതിയ വികസന പദ്ധതികള്‍ കേരളത്തിലെ കഴിവുകളില്‍ നിക്ഷേപിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തമാക്കുകയാണ്. കേരളത്തിലെ സ്ഥായിയായ വികസനത്തിന്റെ പാതയില്‍ പിന്തുണ നല്‍കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെയുള്ള ലോകോത്തര നിലവാരത്തിലുള്ള സ്ഥായിയായ വികസന രൂപകല്പനയുടേയും നടപടിക്രമങ്ങളുടേയും പേരില്‍ ഇതിന് ഗോള്‍ഡ് ലീഡ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഉന്നത തല പ്രവര്‍ത്തന മാതൃകകളിലൂടെ രണ്ടായിരത്തിലേറെ പങ്കാളികള്‍ക്ക് സജീവമായി പ്രവര്‍ത്തിക്കാനുള്ള അത്യാധുനീക സൗകര്യങ്ങളാണ് ഇവിടെയുണ്ടാകുക. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന വിധത്തിലുള്ള സംവിധാനങ്ങളോടു കൂടിയ ഫ്യൂചര്‍-എ സിറ്റി എന്ന നിലയില്‍ കണ്ടെത്തിയിരിക്കുന്ന 21 സ്ഥലങ്ങളില്‍ ഒന്നാണ് കോഗ്‌നിസന്റ് കൊച്ചി.

കൊച്ചിയില്‍ ഹൈബ്രീഡ് മാതൃകയിലുള്ള ജോലി സ്ഥലങ്ങള്‍ അവതരിപ്പിക്കാനുള്ള കോഗ്‌നിസന്റിന്റെ ശ്രമങ്ങള്‍ക്കും ഈ വികസന പദ്ധതികള്‍ കൂടുതല്‍ ശക്തിയേകും. ഇവിടെയെത്തുന്ന പങ്കാളികള്‍ക്ക് സംഘമായി മുഖാമുഖം പ്രവര്‍ത്തിക്കുന്നതിനൊപ്പം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകാനും സാധ്യമാകും. കൃത്യമായ സംവിധാനങ്ങള്‍, പരിശീലനം, പഠിക്കാനും വളരാനുമുള്ള അവസരം, വ്യക്തികളുടെ ക്ഷേമത്തിന് ആദ്യ പരിഗണന നല്‍കുന്ന കമ്പനി സംസ്‌ക്കാരം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ മുന്നേറാനും പങ്കാളികള്‍ക്കു സാധിക്കും. ജിംനേഷ്യം, കയാക്കിങ്, ഓപണ്‍ എയര്‍ ആമ്പിതീയ്യറ്റര്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളും ഇവിടെയുണ്ടാകും.

കോഗ്‌നിസന്റ് 2007-ലാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 3700-ല്‍ ഏറെ പങ്കാളികളാണ് കൊച്ചി ആസ്ഥാനമായുള്ളത്. ഇതില്‍ 80 ശതമാനത്തിലേറെ നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, അനലറ്റിക്‌സ് എന്നിവ അടക്കം ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനി സംസ്ഥാനത്തെ കാമ്പസുകളില്‍ നിന്നു ജോലിക്കു നിയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം 2000 പുതിയ ബിരുദധാരികളെയാണ് തെരഞ്ഞെടുക്കുക.

15 ഏക്കറിലായുള്ള ഈ കാമ്പസ് സ്ഥായിയായ നീക്കങ്ങളും സംവിധാനങ്ങളും അവതരിപ്പിച്ചതിന്റെ പേരില്‍ നിരവധി അഭിനന്ദനങ്ങള്‍ നേടിയിട്ടുണ്ട്. പരിസ്ഥിതി ആരോഗ്യം, സുരക്ഷ, മഴവെള്ള സംഭരണം തുടങ്ങിയവയുടെ പേരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ഈ കാമ്പസ് 5 സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. കാമ്പസിലെ ശരാശരി ജല ആവശ്യത്തിന്റെ 90 ശതമാനവും മഴവെള്ള സംഭരണത്തിലൂടെയാണ് നിറവേറ്റുന്നത്. സീറോ വാട്ടര്‍ ഡിസ്ചാര്‍ജ് രീതിയിലാണ് കാമ്പസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. 450 മരങ്ങളും ഇവിടെ നട്ടിട്ടുണ്ട്. നെറ്റ് സീറോ ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ സുസ്ഥിര നീക്കങ്ങളും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.