മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ ആലോചനയില്‍ : മന്ത്രി പി രാജീവ്

Posted on: April 20, 2022

 

തിരുവനന്തപുരം : സംരംഭങ്ങളിലൂടെ ഗുണമേന്‍മയേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് പഞ്ചായത്ത് തലങ്ങളില്‍ മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡില്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ അംഗീകൃത ഉത്പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളുടെ മാതൃകയില്‍ ഒരു പോലെ രൂപകല്‍പ്പന ചെയ്ത പ്രത്യേക സംവിധാനത്തിലൂടെയാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ‘ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ 2022-23 സംരംഭക വര്‍ഷാചരണത്തിന്റെ ഭാഗമായ ആദ്യ പ്രചാരണ വീഡിയോയുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡിലെ ഉത്പന്നങ്ങളുടെ വിപണനവും ശൃംഖലയും ശക്തിപ്പെടുത്തും. സംരംഭങ്ങളോടുള്ള പ്രതികൂല സമീപനം മാറി സംരംഭകത്വബോധം പൊതുസമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കൃഷി, തദ്ദേശ സ്വയംഭരണം, ടൂറിസം, മൃഗസംരക്ഷണം തുടങ്ങി സംരംഭക സാധ്യതയുള്ള വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കും.

പ്രചാരണം താഴെത്തട്ടില്‍ എത്തിക്കാന്‍ 1175 ഇന്റേണുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 21 മുതല്‍ 26 വരെ പരിശീലനത്തിനു ശേഷം ലക്ഷ്യം നല്‍കി വിന്യസിക്കും. സംരംഭകര്‍ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിക്കുന്നതിനു പകരം സംരംഭകരെ തേടിയെത്തി എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊടുക്കുന്ന സമീപനമാണ് അവലംബിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ന്യൂസ് ലെറ്ററും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.

ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്ന് അദ്ധ്യക്ഷനായിരുന്ന വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. യൂറോപ്പിലെ ഭൂരിഭാഗം വികസിത രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിന്റെ അറുപത്തിയഞ്ചുശതമാനവും ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ നിന്നുമാണ്. വ്യവസായമേഖലയില്‍ കേരളത്തിന് നേട്ടം ചെറുകിട-ഇത്തരം സംരംഭങ്ങളാണ്. ഗുണമേന്‍മയുള്ള ലോകോത്തര ഉത്പ്പന്നങ്ങള്‍ സംസ്ഥാനത്ത് നിര്‍മ്മിച്ച് ആഗോള വിപണി കണ്ടെത്താനാകണം. തൊഴില്‍ തേടുന്ന സമൂഹത്തില്‍ നിന്നും തൊഴില്‍ സൃഷ്ടാക്കളായി മാറുന്ന പ്രവണതയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളീയരുടെ മനോഭാവത്തെ മാറ്റി സംരംഭകത്വ ആവേശം പകരുന്ന പ്രചരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദിശാബോധവും മികച്ച ആസൂത്രണവും അനുകൂല സാഹചര്യങ്ങളുമുണ്ടെങ്കില്‍ സംരംഭങ്ങള്‍ക്കു വളരാനാകുമെന്ന് മുഖ്യ പ്രഭാഷണത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.

‘എന്റെ കേരളം നാടിന്റെ അഭിമാനം’ എന്ന ആപ്തവാക്യമുയര്‍ത്തി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കേരള വ്യവസായ വാണിജ്യ വകുപ്പ് നടത്തിവരുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അണിചേരുന്ന പദ്ധതിക്കായി 120 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എംജി രാജമാണിക്യം, വ്യവസായ വാണിജ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു.

സാമൂഹ മാധ്യമ പ്രചാരണത്തിന്റെ ഭാഗമായി അഞ്ച് വീഡിയോകളാണ് തയ്യാറാക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷനു കീഴിലുള്ള എല്ലാ തിയേറ്ററുകളിലൂടേയും സമൂഹ മാധ്യമങ്ങളിലൂടേയും ഇവ പ്രചരിപ്പിക്കും. ചലച്ചിത്ര താരം നവാസ് വള്ളിക്കുന്ന് അഭിനയിച്ചിരിക്കുന്ന ആദ്യ വീഡിയോക്ക് ഒരു മിനിറ്റ് 30 സെക്കന്റ് ദൈര്‍ഘ്യമുണ്ട്. സംരംഭങ്ങളെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിലുള്ള നാല് വീഡിയോകള്‍കൂടി ഉടന്‍ പുറത്തിറക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളുമായി ചേര്‍ന്നാണ് 2022-23 സാമ്പത്തിക വര്‍ഷം വ്യവസായ വാണിജ്യ വകുപ്പ് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാലകളോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഇതിലൂടെ സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് പൊതുബോധവത്കരണം നല്‍കും. ഇതിനു ശേഷം ലൈസന്‍സ്, ലോണ്‍, സബ്‌സിഡി മേളകള്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും സംഘടിപ്പിക്കും. പൊതുബോധവത്കരണത്തില്‍ പങ്കെടുത്തുവരില്‍നിന്നും സംരംഭം തുടങ്ങുവാനുള്ള തീരുമാനവുമായി മുന്നോട്ടു വരുന്നവര്‍ക്കാണ് ഇത് സംഘടിപ്പിക്കുന്നത്. 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം നിറവേറ്റുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.