വ്യവസായ വാണിജ്യ വകുപ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സംരംഭകബന്ധം ശക്തമാക്കുന്നു

Posted on: September 13, 2021

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വാണിജ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും സംരംഭകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് സാമൂഹ്യമാധ്യമ മേഖലയിലെ സാന്നിധ്യം വ്യാപകമാക്കുന്നു. വകുപ്പിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെയും യൂ ട്യൂബ് ചാനലിന്റെയും ഉദ്ഘാടനം നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് വെള്ളിയാഴ്ച നിര്‍വ്വഹിച്ചു.

കേരളത്തെ ആകര്‍ഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ഏറ്റവും പുതിയതാണ് വ്യവസായ, വാണിജ്യ വകുപ്പിന്റെ സോഷ്യല്‍ മീഡിയ പേജുകളെന്ന് മന്ത്രി ശ്രീ. പി രാജീവ് പറഞ്ഞു. സര്‍ക്കാരും സംരംഭകരും തമ്മിലുള്ള തടസ്സമില്ലാത്ത ആശയവിനിമയം ഒരു ശക്തമായ വ്യാവസായിക അന്തരീക്ഷത്തില്‍ പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്‍ ഐ.എ.എസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ശ്രീ. എസ്.ഹരികിഷോര്‍ ഐ.എ.എസ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെബിഐപി) സിഇഒ ശ്രീ.സൂരജ് എസ്, കിന്‍ഫ്ര എം.ഡി ശ്രീ. സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. കെ.സുധീര്‍, കൈത്തറി ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ ശ്രീ. പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.

വ്യവസായ വാണിജ്യ വകുപ്പിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അവബോധം സൃഷ്ടിക്കാന്‍ ‘ഇന്‍ഡസ്ട്രീസ്‌കേരള’ എന്നു പേരിട്ടിരിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും യൂട്യൂബ് ചാനലും സഹായിക്കും.

വ്യവസായ, വാണിജ്യ വകുപ്പിന്റെ സാമൂഹ്യമാധ്യമ പേജുകളിലേക്കും ചാനലിലേക്കും ഉള്ള ലിങ്കുകള്‍ ഇവയാണ്:

Facebook: www.facebook.com/industrieskerala

Instagram: www.instagram.com/industrieskerala

YouTube: www.youtube.com/ search: industrieskerala

കേരളത്തിന്റെ വാണിജ്യരംഗം ശക്തിപ്പെടുത്തുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സേവനങ്ങള്‍, പദ്ധതികള്‍, വിവിധ സഹായ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് സംരഭകരിലും പൊതുജനങ്ങളിലും വ്യക്തതയുണ്ടാകുന്നത് മെച്ചപ്പെട്ട സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക ഘടകമാണ്.

കേരളത്തിലെ പുതുതലമുറയ്ക്കും യുവാക്കള്‍ക്കും സംരംഭകത്വം ഒരു തൊഴില്‍ മാര്‍ഗമായി തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാന വിവര സ്രോതസ്സായി വ്യവസായ വാണിജ്യ വകുപ്പിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ മാറും. വിജയികളായ സംരംഭകരാകുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവും പ്രോത്സാഹജനകമായ അഭിപ്രായങ്ങളും നല്‍കി സംരംഭകത്വം സങ്കീര്‍ണമാണെന്ന തെറ്റിദ്ധാരണ നീക്കുന്നതിന് ഈ പേജുകള്‍ സഹായകമാകും.

കോവിഡ് 19 മൂലമുണ്ടായ വെല്ലുവിളികള്‍ക്കിടയിലും മന്ത്രി ശ്രീ. പി.രാജീവിന്റെ നേതൃത്വത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് കേരളത്തിന്റെ വ്യാവസായിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. സംരംഭകര്‍ക്ക് കോവിഡ് ദുരിതാശ്വാസ പാക്കേജുകള്‍ നല്‍കുന്നതിനു പുറമേ, വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.