കാര്‍ഷിക ഉല്പാദന ഉപാധികളുടെ വിപണന രംഗത്തേക്ക് ഇസാഫ് അഗ്രോ കോപ്പറേറ്റീവ്

Posted on: August 26, 2021

തൃശ്ശൂര്‍: കാര്‍ഷിക ഉല്പാദന ഉപാധികളുടെ വിപണനരംഗത്തേക്ക് സാന്നിധ്യമറിയിച്ച് ഇസാഫ്. കൃഷിക്കാര്‍ക്ക് ന്യായമായ വിലയില്‍ ഗുണമേന്മയുള്ള കാര്‍ഷികോല്‍പാദന ഉപാധികളായ വിത്ത്, ജീവാണു വളങ്ങള്‍, ജൈവ കീടനാശിനികള്‍, ജൈവവളങ്ങള്‍, രാസവളങ്ങള്‍, സൂക്ഷ്മ മൂലക കൂട്ടുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയിലൂടെ വിതരണം ആരംഭിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ഗവേഷണ ശാലകളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുള്ള ജൈവകീടനാശിനികള്‍, സൂക്ഷ്മാണു വളങ്ങള്‍ , സൂക്ഷ്മ മൂലക കൂട്ടുകള്‍, ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോപ്പറേറ്റീവ് ലിമിറ്റഡ്, ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് തുടങ്ങിയ രാസവള കമ്പനികളുടെ രാസവളങ്ങളും പത്ര പോഷണ വളങ്ങളും ആദ്യ ഘട്ടത്തില്‍ വിതരണത്തിനെത്തുന്നു.

കോവിഡ് മാനദണ്ഡപ്രകാരം കഞ്ചിക്കോട് ക്ലാസിക് ഹോട്ടലില്‍ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസീതയും ഉത്പന്നങ്ങളുടെ പ്രകാശനം വൈസ് പ്രസിഡന്റ് കെ അജീഷും നിര്‍വഹിച്ചു.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡി യും സിഇഒ യുമായ കെ പോള്‍ തോമസ്, ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ സെലീന ജോര്‍ജ്, കേരള കാര്‍ഷിക സര്‍വകലാശാല റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. മധു സുബ്രഹ്മണിയന്‍, മെമ്പര്‍ സര്‍വീസ് ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് ജോജി കോശി വര്‍ഗിസ്, അഗ്രി ഇന്‍പുട്ട് മാര്‍ക്കറ്റിംഗ് ഹെഡ് കെ .ഇന്ദുചൂഢന്‍, സെഡാര്‍ റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അലോക് തോമസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു.