മലിനീകരണമില്ലാതെയാകും കേരളത്തിന്റെ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ ഓടുക

Posted on: April 9, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ നിര്‍ദ്ദിഷ്ട അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ മലിനീകരണിമില്ലാത്തതും പ്രകൃതി സൗഹൃദവുമായതും പുനരുപയോഗിക്കാവുന്ന ഇന്ധനം ഉപയോഗിച്ചാകും ഓടുക. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്ററില്‍ ഇരട്ടപ്പാതയാണ് സില്‍വര്‍ലൈന്‍ അതിവേഗ പാത കെ-റെയില്‍ ഒരുക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നത്.

മലിനീകരണം കുറച്ചാല്‍ പദ്ധതിക്കായി കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര തലത്തിലുള്ള വായ്പകള്‍ ലഭിക്കുമെന്നതാണ് കെ റെയിലിനെ ഇത്തരമൊരു ആലോചനയിലേക്ക് നയിച്ചത്. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് അധികൃതരുമായി കെ റെയില്‍ നിലവില്‍ ഇതിനെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഐ ഐ എം അധ്യാപകനായ അമിത് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പഠനങ്ങള്‍ നടത്തുന്നത്.

ഒന്ന് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ റിപ്പോര്‍ട്ട് വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി നടപ്പിലായാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 2.75 ലക്ഷം ടണ്‍ കുറക്കാന്‍ പദ്ധതിയുടെ ആദ്യ വര്‍ഷം കഴിയും. ഇത് 2052 ല്‍ 594636 ടണ്‍ ആയി കുറക്കാനും സാധിക്കും. മാത്രവുമല്ല പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് മലിനീകരണ മുക്തമായ യന്ത്രങ്ങള്‍ ആയിരിക്കും ഉപയോഗിക്കുക. സമ്പൂര്‍ണമായ ഒരു ഹരിത പദ്ധതിയായായാണ് സില്‍വര്‍ലൈന്‍ നടപ്പിലാക്കാന്‍ കെ റെയില്‍ ലക്ഷ്യമിടുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതി നടത്തിപ്പുകാര്‍. 63,941 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 11 ജില്ലകളിലായി 529.45 കിലോമീറ്ററിലുള്ള റെയില്‍പാതക്ക് 1226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക.

കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് വലിയ സംഭാവന നല്‍കുന്നതാണ് സില്‍വര്‍ലൈന്‍ പദ്ധതി. 2025ല്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് നേരിട്ടും അല്ലാതെയും അരലക്ഷം പേര്‍ക്കും, പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കും.

 

TAGS: Silverline |