ടാറ്റ ട്രസ്റ്റ്‌സ് മെഡിക്കല്‍ പ്രഫഷണലുകള്‍ക്ക് കോവിഡ് -19 അടിയന്തര പരിചരണത്തിനുള്ള സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു

Posted on: May 31, 2020

കൊച്ചി: ടാറ്റ ട്രസ്റ്റ്‌സും ടാറ്റ ഗ്രൂപ്പും പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ആരോഗ്യരംഗത്തെ പ്രഫഷണലുകള്‍ക്ക് കോവിഡ് 19 ചികിത്സയില്‍ അടിയന്തരഘട്ട നൈപുണ്യവികസന പരിശീലനം നല്കുന്നു. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ്, ഹൈദരാബാദിലെ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നിവയുമായാണ് ടാറ്റ പങ്കാളികളാകുന്നത്.

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് 19-നെ പ്രതിരോധിക്കുന്നതിന് അടിയന്തരമായി വിഭവസ്രോതസുകള്‍ ഉപയോഗപ്പെടുത്തണമെന്ന ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ടാറ്റ ട്രസ്റ്റ്‌സ് ഈ രംഗത്ത് മുന്‍കൈയെടുത്തത്.

തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ ജീവനക്കാര്‍ക്കാണ് 22 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലനം നല്കുന്നത്.ക്രിട്ടിക്കല്‍ കെയര്‍ മാനേജ്‌മെന്റില്‍ വിദഗ്ദ്ധരായ ഐസിയു ഫിസിഷ്യന്‍സ്, ഇന്റന്‍സിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് മറ്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ പിന്തുണ ആവശ്യമുണ്ട്. ഐസിയുവില്‍ അല്ലാതെ ജോലി നോക്കുന്ന പ്രഫഷണലുകള്‍ക്ക് അടിസ്ഥാനപ്രമാണങ്ങളിലും അടിയന്തര സേവനങ്ങളിലും പരിശീലനം നല്കാനാണ് ടാറ്റ ട്രസ്റ്റ്‌സ് ഉദ്ദേശിക്കുന്നത്.

അടിയന്തരഘട്ടങ്ങളില്‍ ഐസിയുകളില്‍ നല്‌കേണ്ട ശുശ്രൂഷകള്‍, എയര്‍വേ മാനേജ്‌മെന്റ്, വെന്റിലേറ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയ ക്രിട്ടിക്കല്‍ കെയര്‍ സ്‌കില്ലുകള്‍, ഗുരുതരാവസ്ഥയിലുള്ള രോഗികളെ ലഘു, ഇടത്തരം, ഗുരുതരം എന്നിങ്ങനെ മുന്‍ഗണനാക്രമം നിശ്ചയിച്ച് അനുയോജ്യമായ ചികിത്സാ സൗകര്യങ്ങളിലേയ്ക്ക് അയയ്ക്കുക തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ഐസലേഷന്‍ കേന്ദ്രങ്ങള്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, സേവനമേഖലകള്‍, ലഘുവായ രീതിയില്‍ രോഗമുള്ള രോഗികളുടെ മേഖലകള്‍ തുടങ്ങി കോവിഡ് 19 ചികിത്സയുടെ ഭാഗമായി കൈകാര്യം ചെയ്യേണ്ട കാര്യങ്ങളിലെല്ലാം പരിശീലനം നല്കും.

ലൈവ് വെബിനാറുകള്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പിലും ഡെസ്‌ക്ടോപ്പിലും മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ തയാറാക്കിയ മൊഡ്യൂളുകള്‍ എന്നിങ്ങനെ രണ്ടുരീതിയിലാണ് പരിശീലനം ലഭ്യമാക്കുന്നത്.

സിഎംസി വെല്ലൂരിന്റെ സഹകരണത്തോടെ മാസ്റ്റര്‍ പരിശീലകരെ വികസിപ്പിച്ചെടുക്കും. ഇവര്‍ക്ക് വലിയ സംഘങ്ങള്‍ക്ക് പരിശീലനം നല്കാം. സിഐഎച്ച്എസ് ഹൈദരാബാദ് നേരിട്ട് ചെറിയ സംഘങ്ങള്‍ക്ക് പരിശീലനം നല്കും. ഇന്റന്‍സിവിസ്റ്റുകള്‍ക്കും ഐസിയുവിലെ സഹപ്രവര്‍ത്തകര്‍ക്കും അവശ്യഘട്ടങ്ങളില്‍ പിന്തുണ നല്കാന്‍ സാധിക്കുന്ന രീതിയിലാണ് രണ്ട് സ്ഥാപനങ്ങളും പരിശീലനം നല്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.