പത്മശ്രീ ഡോ. കെ പി ഹരിദാസിന്റെ സ്റ്റോറി ഓഫ് മൈ സ്‌കാൽപൽ പ്രകാശനം ചെയ്തു

Posted on: July 14, 2019

തിരുവനന്തപുരം :  പ്രശസ്ത സർജനും ലോർഡ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപക ചെയർമാനുമായ പത്മശ്രീ ഡോ. കെപി ഹരിദാസിൻറെ അഞ്ചുപതിറ്റാണ്ടുകാലത്തെ അനുഭവങ്ങൾ കോർത്തിണക്കിയ സ്റ്റോറി ഓഫ് മൈ സ്‌കാൽപൽ എന്ന പുസ്തകം ഡോ. ശശി തരൂർ എംപി പ്രകാശനം ചെയ്തു. ആദ്യ പ്രതി   ഡോ.ജോർജ് ഓണക്കൂർ ഏറ്റുവാങ്ങി.

സമൂഹത്തിന്റെ വെല്ലുവിളികളും വേദനകളും വഹിക്കുന്നവരാണ് ഡോക്ടർമാരെന്ന് ശശി തരൂർ പറഞ്ഞു. ശസ്ത്രക്രിയയിൽ കത്തി എങ്ങനെ ഉപയോഗിച്ചു എന്നതാണ് ഡോക്ടർ ഹരിദാസിനെ വേറിട്ടു നിർത്തുന്നത്. ഇന്ത്യയിലെ അപൂർവം സർജൻമാർ മാത്രമെ പുസ്തകം എഴുതിയിട്ടുള്ളൂ. എല്ലാ മേഖലയിലെയും വ്യക്തികൾക്ക് ഉൾക്കാഴ്ച നൽകുന്ന തരത്തിൽ ഈ ഉദ്യമത്തിനു മനസുവച്ച ഡോ. കെപി ഹരിദാസിനെ അദ്ദേഹം അഭിനന്ദിച്ചു.

വിദേശത്തു പരിശീലനം നേടി നാടിന് സേവനം നൽകാനുള്ള സന്നദ്ധതയാണ് ഡോ.കെപി ഹരിദാസിനെ വേറിട്ടു നിർത്തുന്നതെന്നും രോഗത്തിനു പുറമേ രോഗിയെ ദൈവമായി കണ്ടാണ് അദ്ദേഹം തന്റെ ആശുപത്രിക്ക് ലോർഡ്‌സ് എന്നു പേരിട്ടതെന്നും ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു.

സർജൻ എന്ന നിലയിലെ അമ്പതുവർഷക്കാലത്തെ തൻറെ വ്യക്തിത്വത്തിൻറെ പ്രതിഫലനമാണ് ഈ പുസ്തകമെന്ന് ഡോ കെ.പി ഹരിദാസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മനോഭാവം, സമർപ്പണം, ആശയവിനിമയശേഷി, സഹാനുഭൂതി എന്നിവയാണ് ഒരു ഡോക്ടർക്ക് അനിവാര്യമായ ഗുണങ്ങൾ. കലയുടേയും ശാസ്ത്രത്തിന്റെയും സമ്മേളനമാണ് ശസ്ത്രക്രിയ. തൻറെ ആശുപത്രിയിലെത്തുന്ന രോഗികളെ അതിഥികളായാണ് കാണുന്നത്. രോഗികളോട് അതീവ കാരുണ്യം കാണിക്കണം.

രാജ്യത്തെ മെഡിക്കൽ മേഖലയിലേക്ക് കടന്നുവരുന്നവർക്കുള്ള തെരഞ്ഞെടുപ്പിന് പോരായ്മകളുണ്ട്. മാതാപിതാക്കളുടെ നിർബന്ധത്താലും മറ്റു കാരണങ്ങളാലുമല്ലാതെ 30 ശതമാനം പേർ മാത്രമേ ഈ മേഖലയിലേക്ക് അതിയായ താൽപര്യത്തോടെ കടന്നുവരുന്നുള്ളൂ. ഇക്കാരണത്താൽ നൈപുണ്യമുള്ളവരുടെ അഭാവം ഈ മേഖലയിലുള്ളതായും അദ്ദേഹം വ്യക്തമാക്കി.

ഗതാഗത-ദേവസ്വം വകുപ്പ് സെക്രട്ടറി ഡോ. ജ്യോതിലാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് സർജറി വിഭാഗം മുൻ മേധാവി ഡോ. മധുമോഹൻ, ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ ഡയറകർ ഡോ. ദേവിൻ പ്രഭാകർ, ലോർഡ്‌സ് ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരീഷ് ഹരിദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ബറിയാട്രിക് ലാപ്രോസ്‌കോപ്പിക് സർജൻ എന്ന നിലയിലേക്കുള്ള ഡോ. ഹരിദാസിൻറെ വളർച്ച വിവരിക്കുന്ന പുസ്തകം വിദേശത്തും സ്വദേശത്തുനിന്നുമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിൻറെ അനുഭസമ്പത്തിലൂടെ സ്വന്തം സ്ഥാപനം പടുത്തുയർത്തിയതിനെക്കുറിച്ചും പൊതുജനാരോഗ്യ മേഖലയിലെ തൻറെ കരുതലുകളെക്കുറിച്ചും പരാമർശിക്കുന്നു. പ്രതിസന്ധികളെ സമർപ്പണ മനോഭാവത്തോടെ അതിജീവിക്കുന്ന ശസ്ത്രക്രിയാ വിദഗ്ധന്റെ ജീവിതവും രോഗികൾ ചികിത്സയിലൂടെ സുഖം പ്രാപിക്കുമ്പോൾ ലഭിക്കുന്ന ചാരിതാർത്ഥ്യവും അദ്ദേഹം വായനക്കാരുടെ മുന്നിലെത്തിക്കുന്നു.

അഹോരാത്രം അധ്വാനിക്കേണ്ടിവരുന്ന ശസ്ത്രക്രിയാ മേഖലയിലേക്ക് കടന്നുവരുന്നവരുടെ ഉത്തരവാദിത്തവും കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അമിതവണ്ണത്തെ അതിജീവിക്കുന്നതിനുള്ള മാർഗങ്ങളും വിശദമാക്കുന്ന പുസ്തകം, ഡോക്ടർമാർ ഭ്രൂണഹത്യ നടത്തി ജീവനെടുക്കാൻ വിധിക്കപ്പെട്ടവരാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യമായി കരൾ ട്യൂമർ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഹരിദാസിന് 2015 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.