ബിയറിൽ മാലിന്യം : ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Posted on: November 20, 2018

മൂവാറ്റുപുഴ : മാലിന്യം കലർന്ന ബിയർ വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹേവാർഡ്‌സ് ബിയർ നിർമാതാക്കളായ എസ്എബി മില്ലർ ഇന്ത്യ കമ്പനിയോടും വിതരണക്കാരായ ബിവറേജ് കോർപറേഷനോടും നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാരം ഫോറം ഉത്തരവായി.

പശ്ചിമബംഗാൾ സ്വദേശികളായ അശീഷ് പൊഡർ, അനിരുദ്ധ സമാജ്പതി എന്നിവർ ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ചു ബിവറേജസ് കോർപറേഷൻറെ കളമശേരി ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ബിയർ കുപ്പികളിൽ മാലിന്യം കണ്ടതു സംബന്ധിച്ചായിരുന്നു ഹർജി. വാങ്ങിയ ഒൻപതു കുപ്പികളിൽ ഉപയോഗിച്ച ഒരു കുപ്പിയിൽനിന്നു മാലിന്യം വായിൽ എത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ എല്ലാ കുപ്പികളിലും മാലിന്യം അടിഞ്ഞതായി കണ്ടെത്തി.

പരാതിപ്പെട്ടപ്പോൾ ഒരു ബാച്ചിൽ മാത്രമാണ് മാലിന്യം ഉള്ളതെന്നും പ്രസ്തുത ബാച്ച് ബിയർ മാർക്കറ്റിൽനിന്ന് പിൻവലിച്ചുവെന്നും ബിയർ കമ്പനി അറിയിച്ചെങ്കിലും തൊട്ടടുത്ത ദിവസം നെടുമ്പാശേരി എയർപോർട്ടിനു സമീപമുള്ള ഹോട്ടലിൽ നിന്ന് വാങ്ങിയ ബിയറിലും മാലിന്യം കണ്ടെത്തി. ഹർജിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് വകുപ്പ് പരിശോധനയ്ക്ക് നൽകിയ സാമ്പിളുകൾ പരിശോധിച്ച കാക്കനാട്ടെ കെമിക്കൽ അനലിറ്റിക്കൽ ലാബോറട്ടറി അധികൃതർ മാലിന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു. ഇതേ തുടർന്നാണു ജില്ലാ ഉപഭോക്തൃ തർക്കപരിഹാരം ഫോറത്തിൽ ഹർജി സമർപ്പിച്ചത്.

മാലിന്യം കലർന്ന ബിയർ മാർക്കറ്റിൽ വിറ്റ ബിയർ നിർമാതാവിന്റെയും വിതരണ സ്ഥാപനത്തിൻറെയും നടപടി സേവന പോരായ്മയും ന്യായരഹിത വ്യാപാര സമ്പ്രദായവുമാണെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാരം ഫോറം പ്രസിഡന്റ് ചെറിയാൻ കെ. കുര്യാക്കോസ്, അംഗങ്ങളായ ഷീൻ ജോസ്, ബീനകുമാരി എന്നിവരടങ്ങിയ ഫോറം നിരീക്ഷിച്ചു.

ആയതിനാൽ ഹർജിക്കാർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാനും 10000 രൂപ വീതം കോടതി ചെലവു നൽകാനും നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി ഫെഡറേഷൻ ഓഫ് കൺസ്യൂമർ ഓർഗനൈസേഷൻസ് കേരള പ്രസിഡൻറ് അഡ്വ. ടോം ജോസ് ഹാജരായി.