ദുബായിലെ എല്ലാ കെട്ടിടങ്ങൾക്കും ലൈഫ് സേഫ്റ്റി ഡാഷ്‌ബോർഡ്

Posted on: June 8, 2015

 

DCD-Dashboard-Launch-big

ദുബായ് : ദുബായിലെ എല്ലാ കെട്ടിടങ്ങളിലും ദുബായ് ലൈഫ് സേഫ്ടി ഡാഷ്‌ബോർഡ് നടപ്പാക്കുമെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ എക്‌സ്‌പേട്ട് റാഷിദ് ഥാനി റാഷിദ് അൽ മത്രൂഷി പ്രഖ്യാപിച്ചു. ദുബായിലെ കെട്ടിടങ്ങളുടെ സുരക്ഷാ നില തൽസമയം അറിയാൻ സിവിൽ ഡിഫൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും മറ്റ് സർക്കാർ വകുപ്പുകളെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കുകയും, അവർക്ക് തങ്ങളുടെ ഉത്തരവാദിത്തം സുതാര്യതയോടെയും ഊർജസ്വലതയോടെയും നിർവഹിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഡാഷ്‌ബോർഡ്.

ഡാഷ്‌ബോർഡിലൂടെ കൈമാറുന്ന ബിസിനസ് ഇന്റലിജൻസ് കെട്ടിടങ്ങളുടെ കരുത്തും സുരക്ഷാനിലയും തൽസമയം നിരീക്ഷിക്കാൻ സർക്കാർ വകുപ്പുകളെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കുന്നു. ദുബായ് ലൈഫ് സേഫ്റ്റി ഡാഷ്‌ബോർഡിലൂടെ കെട്ടിടങ്ങളുടെയും സിവിൽ ഡിഫൻസ് നടപടികളുടെയും പ്രവർത്തനശേഷി സിവിൽ ഡിഫൻസ് വിഭാഗത്തിന് മനസ്സിലാക്കാൻ സാധിക്കും. വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സമാഹരിച്ച് ഗ്രാഫിക്‌സുകളിലൂടെ ഇതിൽ പ്രദർശിപ്പിക്കുന്നു – പുതിയ സംരംഭത്തെക്കുറിച്ച് പ്രതികരിക്കവേ മേജർ ജനറൽ എക്‌സ്‌പേട്ട് റാഷിദ് ഥാനി റാഷിദ് അൽ മത്രൂഷി പറഞ്ഞു.

ഡിസിഡിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതിന് പുറമെ വിവരങ്ങൾ ശരിയാംവണ്ണം മനസിലാക്കി ശരിയായ തീരുമാനങ്ങളെടുക്കുന്നതിനും സംഘടനാപരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡാഷ്‌ബോർഡ് സഹായിക്കുന്നു. അഗ്നിശമന സേനയുടെയും മറ്റ് വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ആഭ്യന്തര വിനിമയ സംവിധാനം മെച്ചപ്പെടുത്തുന്നുവെന്നതിന് പുറമെ താമസക്കാരോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഇതിലൂടെ വെളിവാകുന്നു. തങ്ങളുടെ കെട്ടിടത്തിന്റെ കരുത്തും സുരക്ഷാനിലയും പ്രദർശിപ്പിക്കുന്ന പ്രത്യേകം ഡാഷ്‌ബോർഡ് ദുബായിലെ എല്ലാ കെട്ടിട ഉടമകൾക്കും നൽകും. കെട്ടിട ഉടമകൾക്കും താമസക്കാർക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ഡാഷ്‌ബോർഡ് മറ്റ് സർക്കാർ വിഭാഗങ്ങളെയും സഹായിക്കുമെന്ന് റാഷിദ് ഥാനി റാഷിദ് അൽ മത്രൂഷി പറഞ്ഞു.

നഗരത്തിന്റെ ഭാവിക്കനുയോജ്യമായ പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിൽ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം എന്നും മുൻപന്തിയിൽ നിന്നിട്ടുണ്ട്. മുനിസിപ്പൽ വിവരങ്ങൾ കൂടുതൽ സൂതാര്യവും പ്രാപ്യവുമാക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ നേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ദുബായ് ലൈഫ് സേഫ്റ്റി ഡാഷ്‌ബോർഡ്. ഡാഷ്‌ബോർഡ് നടപ്പാക്കുന്നതോടെ പൊതുമേഖലയിലെ നിലവിലെ സാങ്കേതിക സാധ്യത ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് നേതൃത്വം.