ഹൃദയവാല്‍വ് മാറ്റിവയ്ക്കലില്‍ നൂതന വിദ്യയുമായി ആസ്റ്റര്‍

Posted on: June 25, 2022

കൊച്ചി : കേരളത്തില്‍ ആദ്യമായി ഹൃദ്രോഗിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സ്യൂചര്‍ ലെസ് അയോര്‍ട്ടിക് പെന്‍സിവല്‍ വാല്‍വ് വിജയകരമായി ഘടിപ്പിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, പാലക്കാട് സ്വദേശിയായ അമ്പത്തിയഞ്ചുകാരിയിലാണ് ഈ നൂതന വാല്‍വ് മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ നടത്തിയത്.

ആസ്റ്റര്‍ മെഡ് സിറ്റി കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് പി. നായര്‍, അനസ്തീഷ്യ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ.സുരേഷ് ജി നായര്‍, കാര്‍ഡിയാക്
സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

ശ്വാസതടസം, ഹൃദയമിടിപ്പിലെ അസ്വാഭാവികത എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുധ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെത്തിയത്.വിദഗ്ദ്ധ പരിശോധനയില്‍ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വില്‍ കാല്‍സ്യം അമിതമായി അടിഞ്ഞുകൂടുന്ന കാല്‍സിഫിക് അയോര്‍ട്ടിക് വാല്‍വ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചു. ഇത് അയോര്‍ട്ടിക് വാല്‍വിലൂടെയുള്ള രക്തപ്രവാഹം കുറയ്ക്കാന്‍ കാരണമാകുന്നു.

തകരാറിലായ വാല്‍വ് മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു ഏക പോംവഴി. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ അയോര്‍ട്ടിക് വാല്‍വ് മാറ്റുന്ന ട്രാന്‍ തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇമ്പ്‌ലാന്റേഷന്‍ എന്ന ചികിത്സ രീതിയാണ് പൊതുവെ ഇതിനായി സ്വീകരിക്കാറുള്ളത്. എന്നാല്‍ രോഗിയുടെ സങ്കീര്‍ണമായ ആരോഗ്യ സ്ഥിതി കാരണം നൂതന മാര്‍ഗമായ അയോര്‍ട്ടിക് വാല്‍വ് പേര്‍സിവല്‍ ഘടിപ്പിക്കുകയായിരുന്നു.