ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നൈജീരിയൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി ധാരണ

Posted on: September 18, 2018

ന്യൂഡൽഹി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നൈജീരിയയിലെ അഫെ ബാബലോള യൂണിവേഴ്‌സിറ്റി അദോ എകിറ്റിയുമായി ആരോഗ്യമേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ധാരണപ്രകാരം ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നൈജീരിയയിൽ എല്ലാ സ്‌പെഷ്യാലിറ്റികളിലുമുള്ള മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും.ആസ്റ്ററിന്റെ ഇന്ത്യയിലെ 11 ആശുപത്രികളിൽ പ്രവർത്തിക്കുന്ന വിദഗ്ധരെ ഉൾപ്പെടുത്തി ടെലിമെഡിസിൻ യൂണിറ്റും ആരംഭിക്കും.

ഗുണനിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ നൈജീരിയയിൽ ലഭ്യമാക്കാൻ യൂണിവേഴ്‌സിറ്റിയുമായുള്ള സഹകരണം സഹായിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

പടിഞ്ഞാറൻ ആഫ്രിക്കയിലെ ആയിരകണക്കിന് രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാൻ കരാർ സഹായിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.

നൈജീരിയയിലെ ഏറ്റവും കുറഞ്ഞ ഡോക്ടർ – രോഗി അനുപാതം കണക്കിലെടുത്ത് മെഡിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചികിത്സയ്ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന മെഡിക്കൽ ടൂറിസം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് എബിയുഎഡി സ്ഥാപകൻ ആരെ ആഫെ ബാബലോള പറഞ്ഞു.